ഉരുളിനെയും, ഇരുളിനെയും ധൈര്യത്തോടെ നേരിട്ടവൻ; അർഷലിനെ ചേർത്തുനിർത്തി മന്ത്രി

കണ്ണൂര്‍ : കണ്ണൂരില്‍ കണ്ണവം കാടിനുള്ളില്‍ കാണാതായി പിന്നീട് കണ്ടെത്തിയ കുഞ്ഞുമിടുക്കനെ ചേര്‍ത്ത് നിര്‍ത്തി മന്ത്രി എം വി ഗോവിന്ദന്‍. ഉരുള്‍ പൊട്ടുന്ന ശബ്ദം കേട്ടാണ് അര്‍ഷലെന്ന എട്ടുവയസ്സുകാരന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയത്. ഓട്ടത്തില്‍ അവന്‍ തനിക്ക് സ്‌കൂളില്‍ നിന്ന് കിട്ടിയ ട്രോഫികളും കൈയ്യിലെടുത്തിരുന്നു.

ഓട്ടത്തില്‍ ബന്ധുക്കളുമുണ്ടായിരുന്നെങ്കിലും പിന്നീട് അര്‍ഷല്‍ തനിച്ചായി. കണ്ണവം കാട്ടിനുള്ളില്‍ അകപ്പെട്ട കുട്ടിയെ ബന്ധുക്കള്‍ രണ്ട് മണിക്കൂറോളം നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. കാട്ടിനുള്ളിലും ക്ഷമയോടെ ധീരതയോടെ അവന്‍ തന്നെ തേടിയെത്തുന്നവരെ കാത്തിരുന്നു. ഉരുള്‍ പൊട്ടലില്‍ നിന്ന് ഇറങ്ങിയോടി മഴയിലും ഇരുട്ടിലും ഒറ്റയ്ക്കായെങ്കിലും ധീരത കൈവിടാതിരുന്ന അര്‍ഷലിനെ അഭിനന്ദിക്കുകയാണ് മന്ത്രി. തന്റെ ഫേസ്ബുക്ക് പേജിലൂടെ അര്‍ഷലിനെ ചേര്‍ത്ത് നിര്‍ത്തിയ ഫോട്ടോയും അദ്ദേഹം പങ്കുവച്ചു.

കണ്ണൂര്‍ കൊമ്മേരി ഗവണ്‍മന്റ് യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അര്‍ഷല്‍. അര്‍ഷല്‍ നമുക്കൊരു മാതൃകയാണ്, മഴക്കെടുതി ഉള്‍പ്പെടെ എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിക്കാന്‍ എന്ന് മന്ത്രി എം. വി.ഗോവിന്ദന്‍ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →