മഴയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായതിനെത്തുടർന്നു സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. സംസ്ഥാനത്ത് ഇതുവരെ 95 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുളളത്. 2291 പേരെ ഇവിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തിരുവനന്തപുരം ജില്ലയിൽ രണ്ടു ക്യാമ്പുകളിലായി 30 പേരെയും പത്തനംതിട്ടയിൽ 25 ക്യാമ്പുകളിലായി 391 പേരെയും ആലപ്പുഴയിൽ അഞ്ചു ക്യാമ്പുകളിലായി 58 പേരെയും മാറ്റിപ്പാർപ്പിച്ചു. കോട്ടയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. 21 ക്യാമ്പുകളിലായി 447 പേരെ ഇവിടെ മാറ്റിപ്പാർപ്പിച്ചു.

ഇടുക്കിയിൽ ഏഴു ക്യാമ്പുകളിലായി 118 പേരും എറണാകുളത്ത് 11 ക്യാമ്പുകളിലായി 467 പേരും കഴിയുന്നു. തൃശൂരിലാണ് ഏറ്റവും കൂടുതൽ പേരെ മാറ്റിപ്പാർപ്പിച്ചത്. 657 പേരെ ഇവിടെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. 15 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതിനായി തുറന്നത്. പാലക്കാട് ഒരു ക്യാമ്പിൽ 25 പേരും മലപ്പുറത്ത് രണ്ടു ക്യാമ്പുകളിലായി എട്ടു പേരും വയനാട് മൂന്നു ക്യാമ്പുകളിലായി 38 പേരും കണ്ണൂരിൽ മൂന്നു ക്യാമ്പുകളിലായി 52 പേരും കഴിയുന്നുണ്ട്.

മഴയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മഴ മുന്നറിയിപ്പുകളോ ആശങ്കാജനകമായ മറ്റ് സന്ദേശങ്ങളോ കണ്ടാൽ വിശ്വാസയോഗ്യമായ കേന്ദ്രത്തിന്റെ സഹായത്തോടെ ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളലക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് നാലുവരെയും കർണാടക തീരങ്ങളിൽ ഓഗസ്റ്റ് ആറു വരെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യയുള്ളതിനാൽ ഈ ദിവസങ്ങളിൽ കേരളലക്ഷദ്വീപ് തീരങ്ങളിലും കർണാടക തീരത്തും മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരം, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ, മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ തെക്ക് കിഴക്കൻ, മധ്യ കിഴക്കൻ അറബിക്കടൽ, ആന്ധ്രാ പ്രദേശ് തീരം,മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഓഗസ്റ്റ് 05, 06 തീയതികളിൽ മധ്യ കിഴക്കൻ അറബിക്കടൽ, ആന്ധ്രാ പ്രദേശ് തീരം, മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഓഗസ്റ്റ് 03, 06തീയതികളിൽ കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലും മുന്നറിയിപ്പുള്ള തീയതികളിൽ മൽസ്യബന്ധനത്തിനു പോകാൻ പാടില്ലെന്ന് അറിയിപ്പിൽ പറയുന്നു.

കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ 2022 ഓ​ഗസ്റ്റ് ബുധനാഴ്ച രാത്രി 11.30 വരെ മൂന്നു മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇതിനു മുൻനിർത്തി മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ടു സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നതു കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അറിയിപ്പിൽ പറയുന്നു.

ശബരിമല നിറപുത്തരി ഉത്സവം, ആറൻമുള വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് തടസം വരാതെ കാലാവസ്ഥ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ പത്തനംതിട്ട ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.

വെള്ളപ്പൊക്ക സാധ്യതയുള്ള ജില്ലകളിൽ എൻ ഡി ആർ എഫി ന്റെ സേവനം ലഭ്യമാക്കുന്നതിനും പത്തനംതിട്ട ജില്ലയിൽ ശബരിമലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് എൻ ഡി ആർ എഫിന്റെ അധിക ടീമിനെ സജ്ജമാക്കുന്നതിനും റവന്യുമന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →