കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ തീരുമാനം. സിബിഐ പ്രത്യേക കോടതി ജഡ്ജി ഹണി എം വർഗീസിന് പകരം പുതിയ ജഡ്ജിയെ നിയമിച്ച സാഹചര്യത്തിലാണ് നീക്കം. തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജിയായിരുന്ന കെ.കെ ബാലകൃഷ്ണനാണ് പുതിയ സിബിഐ സ്പെഷൽ ജഡ്ജി. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ ഹണി എം വർഗീസ് സിബിഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിർവഹിക്കുകയായിരുന്നു. ഇതോടെയാണ് കേസ് പരിഗണിക്കുന്ന കോടതി മാറ്റിയത്.
എന്നാൽ കേസിലെ തുടർ വിചാരണ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ ഹണി എം വർഗീസ് തന്നെയാകും നടത്തുക. ഇത് സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവും ഉണ്ടായേക്കും. നേരത്തെ കേസ് പരിഗണിക്കാൻ വനിതാ ജഡ്ജ് വേണമെന്ന അതിജീവിതയുടെ ആവശ്യം പരിഗണിച്ചാണ് സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ഹണി എം വർഗീസിനെ നിയമിച്ചത്. നിലവിൽ വിചാരണ കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നു എന്ന നിലപാടിലാണ് അതിജീവിത.
കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കും. കേസിൽ അനുബന്ധ കുറ്റപത്രം നൽകിയ സാഹചര്യത്തിൽ ഇതിന്റെ പകർപ്പ് തേടി നടി വിചാരണ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. വിചാരണ നീണ്ടുപോകാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്.

