കടമ്പ്രയാര്‍ ടൂറിസം പദ്ധതി ഓഗസ്റ്റ് 17 ന് പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ടൂറിസം വകുപ്പ് ജില്ലാ വികസന യോഗത്തില്‍ അറിയിച്ചു. കടമ്പ്രയാറിന്റെ ആഴം നിലനിര്‍ത്തി പായലുകള്‍ നീക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. റസ്റ്ററന്റ്, തൂക്കുപാലം, നടപ്പാത തുടങ്ങിയ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 17 മുതലാരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പി.വി.ശ്രീനിജിന്‍ എംഎല്‍എയാണ് കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തില്‍ വിഷയം ഉന്നയിച്ചത്.
തമ്മാനിമറ്റം തൂക്കുപാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്ന് എല്‍എസ്ജിഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ചൂണ്ടി-രാമമംഗലം റോഡ് സര്‍വേ നടത്തുന്നതിന് അധിക സര്‍വേയര്‍മാരെ ചുമതലപ്പെടുത്തുമെന്ന് സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു. അഞ്ച് കിലോമീറ്റര്‍ റോഡ് രണ്ടാഴ്ചയ്ക്കകം സര്‍വേ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നിലവില്‍ സര്‍വേയര്‍മാരുടെ കുറവുള്ളതിനാലാണ് പദ്ധതി വൈകുന്നത്. ഇക്കാര്യത്തില്‍ അടിയന്തിര നടപടി ഉണ്ടാകണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു.
കോലഞ്ചേരി മൃഗാശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ കം ലാബറട്ടറിക്കായി നിര്‍മ്മിച്ച കെട്ടിടം ഉപയോഗശൂന്യമായി കിടക്കുന്നത് സംബന്ധിച്ച മൃഗസംരക്ഷണ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി പഞ്ചായത്ത് നാല് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
മലയിടംതുരുത്ത് എല്‍പി സ്‌കൂളിന്റെ രണ്ടാം നിലയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. കൂടാതെ കിറ്റക്‌സ് കമ്പനിയില്‍ നിന്ന് പെരിയാറിന് കുറുകെ മാലിന്യപൈപ്പ് സ്ഥാപിച്ചത് സംബന്ധിച്ചും അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കടലാക്രമണ ഭീഷണി നേരിടുന്ന വൈപ്പിന്‍ മണ്ഡലത്തിലെ എടവനക്കാട്, അണിയില്‍, പഴങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ അടിയന്തിര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 17.50 കോടി രൂപയുടെ ജിയോ ബാഗ് പ്രവര്‍ത്തികള്‍ ആരംഭിച്ചതായി ജലസേചന വകുപ്പ് അറിയിച്ചു. കെ.എന്‍. ഉണ്ണികൃഷ്ണനാണ് വിഷയം ഉന്നയിച്ചത്. ഈ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ എംഎല്‍എ നിര്‍ദേശിച്ചു. വെള്ളക്കെട്ട് മൂലം ദുരിതമനുഭവിക്കുന്ന ചാപ്പ കടപ്പുറത്തെ കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ എംഎല്‍എ നിര്‍ദേശിച്ചു. ഭിന്നശേഷിക്കാര്‍ക്കുള്ള യുഡിഐഡി കാര്‍ഡ് വിതരണം വേഗത്തിലാക്കാനും എംഎല്‍എ നിര്‍ദേശിച്ചു.
വൈപ്പിന്‍ ഫിഷ്‌ലാന്‍ഡിംഗിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കണം. എളങ്കുന്നപ്പുഴ ഗവ. സ്‌കൂളിന്റെ ഉപയോഗിക്കാത്ത ബസ് കടമക്കുടി ഗവ.സ്‌കൂളിന് കൈമാറുന്നതിന് നടപടി സ്വീകരിക്കണം. വല്ലാര്‍പാടം പള്ളിക്ക് സമീപമുള്ള ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് നടപടി സ്വീകരിക്കാനും എംഎല്‍എ നിര്‍ദേശിച്ചു. കണ്ടെയ്‌നര്‍ റോഡ് വഴിയുള്ള കെഎസ്ആര്‍ടി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
കോതമംഗലത്തെ കാട്ടാന രൂക്ഷമായ ശല്യം തടയാന്‍ അടിയന്തിര നടപടി വേണമെന്ന ആന്റണി ജോണ്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഫെന്‍സിംഗിന്റെ അറ്റകുറ്റപ്പണികള്‍ കൃത്യമായി പൂര്‍ത്തിയാക്കണം. കൂടാതെ ബ്ലാവന കടത്തിനു സമീപമെത്തുന്ന വിനോദ സഞ്ചാരികളെ തടയുന്നത് ഒഴിവാക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. കാട്ടാന ശല്യം തടയുന്നതിനായി ഹാംഗിംഗ് ഫെന്‍സ് രൂപീകരിക്കാന്‍ 3.4 കോടിയുടെ പദ്ധതി സമര്‍പ്പിച്ചതായി മലയാറ്റൂര്‍ ഡിഎഫ്ഒ അറിയിച്ചു. വടാട്ടുപാറയില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
വെള്ളാരംകുത്തില്‍ നിന്ന് എറണാകുളം വരെയുള്ള കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിയത് പുനസ്ഥാപിക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. കണ്ടക്ടര്‍മാരുടെ കുറവ് മൂലമാണ് സര്‍വീസ് തുടങ്ങാത്തതെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. വെള്ളാരംകുത്ത്-എറണാകുളം സ്റ്റേ സര്‍വീസ്, മുവാറ്റുപുഴ-ചെറുവട്ടൂര്‍-കോതമംഗലം സര്‍വീസുകളും ഉടന്‍ ആരംഭിക്കണം.
കോതമംഗലത്തുണ്ടായ കനത്ത കാറ്റില്‍ നാശനഷ്ടമുണ്ടായ വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കുമുള്ള നഷ്ടപരിഹാരം അടിയന്തിരമായി ലഭ്യമാക്കണം. സ്‌കൂള്‍ സമയത്തെ ടിപ്പറുകളുടെ ഓട്ടം സംബന്ധിച്ച് പരിശോധന ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ഥാപനങ്ങളിലെത്തി കാര്‍ഡ് എടുക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍ക്കുള്ള യുഡിഐഡി കാര്‍ഡ് ലഭ്യമാക്കുന്നതിന് ഇടപെടണമെന്ന് ഉമ തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. പണ്ടാരച്ചിറ കോളനിയിലെ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇടപെടല്‍ നടത്താനും എംഎല്‍എ നിര്‍ദേശിച്ചു. തൃക്കാക്കര മണ്ഡലത്തിലെ സ്‌കുളുകളിലെ ലഹരി ഉപയോഗം തടയുന്നതിന് എക്‌സൈസ് വകുപ്പ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എംഎല്‍എ നിര്‍ദേശിച്ചു. കൂടാതെ ഡേ കെയര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച നിയമങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. വനിത ശിശുവികസന വകുപ്പിനോട് ജില്ലാതല നിര്‍ദേശം തയാറാക്കി സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
അമൃത് പദ്ധതി ഒന്നാം ഘട്ടത്തില്‍ അനുവദിച്ച പേരണ്ടൂര്‍ കനാല്‍ നവീകരണം സംബന്ധിച്ച് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി വിശദീകരണം നല്‍കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. എല്ലാ വികസന സമിതി യോഗങ്ങളിലും സെക്രട്ടറിയോ അഡീഷണല്‍ സെക്രട്ടറിയോ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ടി.ജെ. വിനോദ് എംഎല്‍എ ആണ് വിഷയം ഉന്നയിച്ചത്. കെഎസ്ആര്‍ടിയുടെ ഫീഡര്‍ ബസുകള്‍ ലാഭകരമായ മറ്റ് റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതിന് നടപടി സ്വീകരിക്കാനും എംഎല്‍എ നിര്‍ദേശിച്ചു. ഇതിനായി പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു. ജില്ലയില്‍ നടക്കുന്ന കനാല്‍ നവീകരണ പദ്ധതികളുമായി ബന്ധപ്പെട്ട് യോഗം ചേരണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. പുഴ പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കാനും എംഎല്‍എ നിര്‍ദേശിച്ചു.
മുവാറ്റുപുഴ കോര്‍മലയിലെ വാട്ടര്‍ ടാങ്കിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താന്‍ മണ്ണ് സംരക്ഷണ വകുപ്പിനും ജിയോളജി വകുപ്പിനും നിര്‍ദേശം നല്‍കി. മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് വിഷയം ഉന്നയിച്ചത്. അംബേദ്കര്‍ ഗ്രാമം പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാനും എംഎല്‍എ നിര്‍ദേശിച്ചു. ചെങ്ങറ കോളനിയിലേക്കുള്ള വഴിക്കായി റവന്യൂ ഭൂമി ലഭ്യമാക്കുന്നത് സംബന്ധിച്ച നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷമായി തകര്‍ന്നു കിടക്കുന്ന നെല്ലാട്-പട്ടിമറ്റം റോഡിന്റെ അറ്റകുറ്റപ്പണി ഒരു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് പൊതുമാരാമത്ത വകുപ്പ് അറിയിച്ചു. ജില്ലാ പഞ്ചായത്ത പ്രസിഡന്റ് ഉല്ലാസ് തോമസാണ് വിഷയം ഉന്നയിച്ചത്. അറ്റകുറ്റപ്പണികള്‍ക്കായി 1.34 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കടയിരുപ്പ് ജംക്ഷനില്‍ വാണിംഗ് ലൈറ്റ് സ്ഥാപിക്കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു.
കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എംഎല്‍എമാരായ പി.വി. ശ്രീനിജിന്‍, ആന്റണി ജോണ്‍, കെ.എന്‍. ഉണ്ണികൃഷ്ണന്‍, ടി.ജെ. വിനോദ്, ഉമ തോമസ്, മാത്യു കുഴല്‍ നാടന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ. ഫാത്തിമ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു