ന്യൂഡല്‍ഹി: തമിഴ്നാട് കേഡറില്‍ നിന്നുള്ള ഇന്ത്യന്‍ പോലിസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥനായ സഞ്ജയ് അറോറ, രാകേഷ് അസ്താനയുടെ പിന്‍ഗാമിയായി ഡല്‍ഹി പോലിസ് കമ്മീഷണറായി ചുമതലയേല്‍ക്കും. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ് (ഐടിബിപി) ഡയറക്ടര്‍ ജനറലാണ് ഇപ്പോള്‍ അദ്ദേഹം. 02/08/2022 ചൊവ്വാഴ്ചയാണ് ഡല്‍ഹി പോലിസിന്റെ ചുമതലയേല്‍ക്കുക.2025 ജൂലൈ 31ന് വിരമിക്കുന്നതുവരെയോ അല്ലെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തുടര്‍ ഉത്തരവുവരെയോ അദ്ദേഹത്തിന് സേവനമനുഷ്ഠിക്കാം.അരുണാചല്‍ പ്രദേശ് ഗോവ മിസോറാം, യൂണിയന്‍ ടെറിട്ടറി കേഡറിന് പുറത്ത് നിന്ന് ഡല്‍ഹി പോലിസിന്റെ തലപ്പത്തെത്തുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് അറോറ. 1984 ബാച്ച് ഐപിഎസ് ഓഫിസറാണ്.
ജയ്പൂരിലെ മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദം നേടി. വീരപ്പനും സംഘത്തിനുമെതിരായ ടാസ്‌ക് ഫോഴ്സിന്റെ ഭാഗമായിരുന്നു. മുഖ്യമന്ത്രിയുടെ ഗാലന്‍ട്രി മെഡല്‍ ലഭിച്ചിട്ടുണ്ട്.
2000 മുതല്‍ 2002 വരെ മസൂറിയിലെ ഫോഴ്സ് അക്കാദമിയില്‍ ഇന്‍സ്ട്രക്ടറായിരുന്നു. കോയമ്പത്തൂര്‍ നഗരത്തിലെ പോലിസിന്റെ തലവനായും ചെന്നൈയിലെ ക്രൈം ആന്‍ഡ് ട്രാഫിക്കിന്റെ അഡീഷണല്‍ കമ്മീഷണറായും സേവനമനുഷ്ഠിച്ചു.