സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ “ഗ്രാമവണ്ടി” പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് കെഎസ്ആർടിസി നടപ്പിലാക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് തുടക്കം. പാറശ്ശാലയിലെ കൊല്ലയിൽ പഞ്ചായത്തിലാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്. തദ്ദേശ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ ഗ്രാമവണ്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജു ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പൊതുഗതാഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും, ഗ്രാമപ്രദേശങ്ങളിലേക്കും സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് ആരംഭിക്കുന്ന പ്രത്യേക കെഎസ്ആർടിസി ബസ് സർവീസ് ആണ് “ഗ്രാമവണ്ടി”. 2022 ആഗസ്റ്റ്മാസം മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്ത്, തൃശ്ശൂർ എളവള്ളി പഞ്ചായത്ത്, ആലപ്പുഴയിലെ പത്തിയൂർ പഞ്ചായത്ത് എന്നിവിടങ്ങളിലും ഗ്രാമവണ്ടി സർവീസ് ആരംഭിക്കും.

നിലവിൽ ഇന്ധന ചെലവിനു പോലും വരുമാനം ഇല്ലാത്ത സർവീസുകളാണ് ഗ്രാമവണ്ടി സർവീസ് ആക്കി മാറ്റുന്നത്. ഈ സർവീസ് നടത്തുന്ന ബസുകൾക്ക് ഡീസലോ, അതിന് ആവശ്യമായ തുകയോ തദ്ദേശസ്ഥാപനങ്ങൾ നൽകും. ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിംഗ് സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് വഹിക്കുക. വാഹനം, ജീവനക്കാരുടെ ശമ്പളം, വാഹനങ്ങളുടെ മെയിന്റനൻസ്, സ്പെയർപാർട്സുകൾ, ഇൻഷുറൻസ് എന്നിവയുടെ ചെലവ് കെഎസ്ആർടിസി വഹിക്കും.

തദ്ദേശസ്ഥാപനങ്ങൾക്ക് പുറമേ സ്വകാര്യ വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ഗ്രാമവണ്ടി ബസ്സുകൾ സ്പോൺസർ ചെയ്യാൻ ആകും. സ്പോൺസർ ചെയ്യുന്നവരുടെ പരസ്യങ്ങൾ ബസ്സുകൾ പ്രദർശിപ്പിക്കുകയും ചെയ്യും. നിലവിൽ ഗ്രാമീണ മേഖലകളിൽ പലയിടത്തും കെഎസ്ആർടിസി സർവീസുകൾ നഷ്ടത്തിലാണ് ഓപ്പറേറ്റ് ചെയ്യുന്നത്. തദ്ദേശസ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും ബസ്സുകൾ സ്പോൺസർ ചെയ്യുന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് കെഎസ്ആർടിസി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →