ന്യൂഡൽഹി: അധിർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്നി പരാമർശത്തിൽ 29/07/22 വെള്ളിയാഴ്ചയും പാർലമെൻറ് സ്തംഭിച്ചു. വർഷകാല സമ്മേളനത്തിന്റെ പത്താം ദിവസവും പ്രക്ഷോഭ വേദിയായി പാർലമെന്റ് മാറി. രണ്ട് തവണ ചേർന്നപ്പോഴും ഭരണപക്ഷവും, പ്രതിപക്ഷവും ബഹളം തുടർന്നതോടെ ഇരു സഭകളും 01/08/22 തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. സഭ നിർത്തിവച്ചപ്പോൾ പാർലമെന്റിന് പുറത്തെ ഗാന്ധി പ്രതിമയ്ക്ക് മുൻപിലും എംപിമാർ പ്രതിഷേധിച്ചു. രാഷ്ട്രപത്നി വിവാദത്തിനിടെ സോണിയ ഗാന്ധിയോട് കയർത്ത കേന്ദ്ര മന്ത്രി സ്മൃതി ഇറാനി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു സഭയിലെ കോൺഗ്രസ് പ്രതിഷേധം.
അധിർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്നി വിവാദത്തിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 29/07/22 വെള്ളിയാഴ്ച രാവിലെ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു. സഹ മന്ത്രിമാരോടൊപ്പം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാഷ്ട്രപതിയെ കാണാൻ എത്തി. ഭരണ ഘടന പദവി വഹിക്കുന്നവർ സ്ത്രീ ആയാലും പുരുഷനായാലും ഒരേപോലെ ബഹുമാനിക്കേണ്ടതുണ്ടെന്നതായിരുന്നു വിമത കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ വിമർശനം. എന്നാൽ വിലക്കയറ്റവും, നാണ്യപെരുപ്പവും പാർലമെന്റിൽ ചർച്ച ചെയ്യാതിരിക്കാൻ രാഷ്ട്രപത്നിവിവാദം ബിജെപി ഉപയോഗിക്കുകയാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു.

