തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാത്തതിനാൽ വിദഗ്ധ ചികിത്സ നേടാൻ ആകാതെ നിക്ഷേപക മരിച്ച സംഭവം അന്വേഷിക്കുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ. കരുവന്നൂർ ബാങ്കിലെ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സഹകരണ ബാങ്ക് നിക്ഷേപം സുരക്ഷിതമാക്കാൻ നിക്ഷേപ ഗ്യാരണ്ടി ബോർഡ് പുന:സംഘടിപ്പിക്കുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. കരുവന്നൂർ സ്വദേശി ഫിലോമിനയാണ് പണം ഇല്ലാത്തതിനാൽ വിദഗ്ധ ചികിത്സ തോടാനാകാതെ മരിച്ചത്. കരുവന്നൂർ ബാങ്കിൽ 30 ലക്ഷം രൂപ നിക്ഷേപം ഉള്ള ആളായിരുന്നു ഫിലോമിന. ചികിത്സാ ആവശ്യത്തിന് നിക്ഷേപത്തിലെ പണം തിരികെ ആവശ്യപ്പെട്ട് പലതവണ ബാങ്കിനെ സമീപിച്ചപ്പോഴും വളരെ മോശം ഇടപെടലാണ് ഉണ്ടായതെന്ന് ഫിലോമിനയുടെ ഭർത്താവ് ആരോപിച്ചിരുന്നു.
കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നൽകാൻ കഴിയാത്ത 164 സഹകരണ സംഘങ്ങൾ സംസ്ഥാനത്ത് ഉണ്ടെന്ന് സർക്കാർ. സഹകരണ മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഞെട്ടിക്കുന്ന ഈ കണക്ക്. ചെറിയ തുക മുതൽ വൻ തുകക്ക് വരെ നിക്ഷേപങ്ങൾ സ്വീകരിച്ച സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ ആയതോടെ നൂറുകണക്കിന് നിക്ഷേപകരാണ് പ്രതിസന്ധിയിൽ ആയത്.
കരുവന്നൂർ ബാങ്കിൽ 30 ലക്ഷം നിക്ഷേപിച്ചിട്ടും ചികിത്സയ്ക്ക് പണം കിട്ടാതെ മരിച്ച ഫിലോമിനയുടെ ദുരിത കഥ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിസന്ധിയിലായ സഹകരണ സംഘങ്ങളുടെ ഞെട്ടിക്കുന്ന കണക്ക് വെളിപ്പെടുന്നത്. കാലാവധി പൂർത്തിയായ നിക്ഷേപത്തുക പോലും തിരിച്ചു കൊടുക്കാൻ സ്ഥാപനങ്ങൾക്ക് കഴിയുന്നില്ല. ഏറ്റവും അധികം സംഘങ്ങൾ ഉള്ളത് തിരുവനന്തപുരത്താണ്. 100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സർവീസ് സഹകരണ ബാങ്ക് അടക്കം 37 സംഘങ്ങൾ തലസ്ഥാനജില്ലയിൽ മാത്രം ഉണ്ടെന്നാണ് സഹകരണ വകുപ്പിന്റെ കണക്ക്.
പ്രതിസന്ധിയിലായ ധനകാര്യസ്ഥാപനങ്ങൾ കൊല്ലത്ത് 12 ഉം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 15 വീതവും ഉണ്ട്. കോട്ടയത്ത് 22 ഉം, തൃശ്ശൂരിൽ 11 ഉം, മലപ്പുറത്ത് 12 സഹകരണ സംഘങ്ങളും നിക്ഷേപം തിരിച്ചു കൊടുക്കാനില്ലാത്ത വിധം പ്രതിസന്ധിയിലാണ്. 2018ലെ നിക്ഷേപ ഗ്യാരണ്ടി സ്കീം അനുസരിച്ച് നിക്ഷേപകർക്ക് രണ്ട് ലക്ഷം രൂപ വരെയാണ് നിലവിൽ സുരക്ഷ. ഈ പരിധി 5 ലക്ഷം രൂപ വരെ ആക്കി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ ധനകാര്യ സ്ഥാപനങ്ങളിലെ ധന വിനിയോഗത്തിലെ ക്രമക്കേട് മുതൽ സംഘങ്ങളിൽ നിന്ന് വായ്പയെടുത്തവർ യഥാസമയം തിരിച്ചടക്കാത്തതുവരെ പ്രതിസന്ധിക്ക് കാരണമാണ്. സമഗ്ര സഹകരണ നിയമം വരുന്നതോടെ ഈ പ്രതിസന്ധികൾക്ക് പരിഹാരം ആകും എന്നാണ് പ്രതീക്ഷ.

