കർണാടക: കർണാടകയിൽ ബെല്ലാരയിലെ യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ദക്ഷിണ കന്നഡ യുവമോർച്ചയിൽ കൂട്ടരാജി. തുംകുരു, കോപ്പാൽ ജില്ലയിലെ പ്രവർത്തകരാണ് രാജി കത്ത് നൽകിയത്. ബസവരാജ് ബൊമ്മെ സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടികൾ റദ്ദാക്കി. കൊല്ലപ്പെട്ട പ്രവീണിന്റെ വീട് സന്ദർശിക്കാൻ മുഖ്യമന്ത്രി ബെല്ലാരെയിലെത്തിയേക്കും എന്നാണ് വിവരം.
യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ 21 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എല്ലാവരും പോപ്പുലർ ഫ്രണ്ട് , എസ്ഡിപിഐ പ്രവർത്തകരാണ്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.
യുവമോർച്ച ദക്ഷിണ കന്നട എക്സിക്യൂട്ടീവ് അംഗമായിരുന്നു കൊല്ലപ്പെട്ട പ്രവീൺ നട്ടാരു. പുത്തൂരു ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. കേരള രജിസ്ട്രേഷനുള്ള ബൈക്കിൽ എത്തിയ സംഘമാണ് പ്രവീണിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു ദൃക്സാക്ഷികളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചു കഴിഞ്ഞു. കാസർകോട് സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയതിനെ തുടർന്നുള്ള വൈരാഗ്യമാണ് പ്രവീണിന്റെ കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസിന്റെ നിഗമനം.

