അണയാത്ത അഗ്നിച്ചിറകുകൾ; ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ ഓർമ്മകൾക്ക് ഏഴ് വയസ്സ്

ന്യൂഡൽഹി: മുൻ രാഷ്ട്രപതി ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ ഓർമ്മകൾക്ക് ജൂലൈ 27 ന് ഏഴ് വയസ്സ്. അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന എപിജെ അബ്ദുൽ കലാമിന്റെ മുഖമുദ്ര ലാളിത്യമായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രപതിമാരിൽ ഒരാൾ. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന കലാം ജനകീയനായ രാഷ്ട്രപതിമാരിൽ ഒരാൾ കൂടിയായിരുന്നു.

ഏതു പ്രതിസന്ധിയിലും സംയമനം കൈവിടാത്ത കലാം കുട്ടികൾക്കും, യുവാക്കൾക്കും ഏറെ പ്രചോദനമായിരുന്നു. ബഹിരാകാശ എൻജിനീയറിങ് പഠനശേഷം ഡിആർഡിഒ യിൽ ശാസ്ത്രജ്ഞനായി. വൈകാതെ അവിടെ നിന്നും അഭിമാനമായ ഐഎസ്ആർഒയിലേക്ക്.

വിക്രം സാരാഭായി വിഭാവനം ചെയ്ത ദശവത്സര പദ്ധതിയിലൂടെ ഇന്ത്യൻ ബഹിരാകാശ സ്ഥാപനത്തെ മുൻനിരയിൽ എത്തിക്കാൻ എപിജെ അബ്ദുൽ കലാമിന് കഴിഞ്ഞു. ലോകോത്തര നിലവാരമുള്ള ഹ്രസ്വ, ദീർഘദൂര മിസൈലുകൾ കൊണ്ട് മൂന്നു സേനകളെയും ആധുനികവൽക്കരിച്ച കലാം ഇന്ത്യയുടെ മിസൈൽമാൻ എന്നറിയപ്പെട്ടു, ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി.

രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റെയും, ലോഞ്ചിംഗ് വെഹിക്കിളിന്റെയും സാങ്കേതിക വിദ്യാ വികസനത്തിനും ഏകോപനത്തിനും അബ്ദുൽ കലാം വിലമതിക്കാനാകാത്ത സംഭാവനകൾ നൽകി. അഗ്നി, പൃഥ്വി എന്നീ മിസൈലുകളുടെ ഉപജ്ഞാതാവ്. 1998-ൽ പൊക്രാനിൽ നടന്ന രണ്ടാം അണുവായുധ പരീക്ഷണത്തിലും അബ്ദുൽ കലാമിന്റെ പങ്കുവലുതായിരുന്നു.

രാഷ്ട്രപതി ഭവന്റെ പടിയിറങ്ങിയതിനു ശേഷവും അവസാന നിമിഷം വരെ തന്നിലെ ജ്വാല ഭാവി തലമുറയ്ക്ക് പകർന്നു നൽകിയാണ് കലാം കാലയവനികക്കുള്ളിൽ മറഞ്ഞത്. അമേരിക്കൻ ചാര ഉപഗ്രഹങ്ങളെ വെട്ടിച്ച് പൊഖ്റാൻ 2 അണുബോംബ് പരീക്ഷണത്തിലൂടെ 1998 മേയിൽ ഇന്ത്യയെ ആറാമത്തെ ആണവായുധ രാഷ്ട്രമാക്കാൻ നേതൃത്വം നൽകി.

ആത്മകഥയായ അഗ്നിച്ചിറകുകൾ ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ എഴുതി കലാം. മുപ്പതിലേറെ സർവ്വകലാശാലകളിൽ നിന്ന് ഓണററി ഡോക്ടറേറ്റും അദ്ദേഹത്തെ തേടിയെത്തി. പത്മഭൂഷനും, പത്മവിഭൂഷനും, രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്നയും നൽകി രാജ്യം ആ പ്രതിഭയെ ആദരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →