ന്യൂഡല്‍ഹി: ഒളിമ്പ്യന്‍ ചാമ്പ്യനും ജാവലിന്‍ ത്രോ താരവുമായ നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കില്ല.അടിവയറിനേറ്റ പരുക്കു മൂലം ഡോക്ടര്‍മാര്‍ നീരജിന് ഒരു മാസത്തെ വിശ്രമം നിര്‍ദേശിച്ചതിനെ തുടര്‍ന്നാണു വിട്ടുനില്‍ക്കുന്നത്. യു.എസിലെ യൂജിനില്‍ കഴിഞ്ഞ ദിവസം സമാപിച്ച ലോക അത്‌ലറ്റിക് മീറ്റില്‍ താരം വെള്ളി നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ പതാകയേന്താന്‍ നീരജ് ചോപ്രയെയാണു തീരുമാനിച്ചിരുന്നത്. ഓഗസ്റ്റ് 26 നു നടക്കുന്ന ഡയമണ്ട് ലീഗിലും പങ്കെടുക്കുമെന്ന് ഉറപ്പില്ല. ഡയമണ്ട് ലീഗ് ഈ വര്‍ഷത്തെ തന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നു നീരജ് ചോപ്ര പറഞ്ഞിരുന്നു. കോമണ്‍വെല്‍ത്ത് ജാവലിനില്‍ നിലവിലെ ചാമ്പ്യന്‍ കൂടിയാണ്. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലാണു 2018 ഗെയിംസ് നടന്നത്.
ലോക അത്റ്റലറ്റിക്സ് ഫൈനലിലെ വെള്ളി ഉറപ്പിച്ച നാലാമത്തെ ത്രോയ്ക്കു ശേഷമാണു ചോപ്രയുടെ നാഭിക്കു പരുക്കേറ്റത്. ശാരീരിക ക്ഷമത വീണ്ടെടുക്കാന്‍ നീരജിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ആദില്‍ സുമരിവാല പറഞ്ഞു.എം.ആര്‍.ഐ. സ്‌കാനിങ് നടത്തിയ ശേഷമാണു ഡോക്ടര്‍മാര്‍ നീരജിനോട് ഒരു മാസത്തെ വിശ്രമം നിര്‍ദേശിച്ചത്. നീരജിനു പകരം ഇന്ത്യന്‍ പതാകയേന്താന്‍ മറ്റൊരു താരത്തെ വൈകാതെ കണ്ടെത്തുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രാജീവ് മേത്ത പറഞ്ഞു.