ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കുറ്റപത്രം സമര്‍പ്പിച്ചു. ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ചുള്ള കേസിലാണു നടപടി. അസോസിയേഷന്റെ പ്രസിഡന്റായിരിക്കെ കായികരംഗത്തെ ഫണ്ട് ഫറൂഖ് അബ്ദുള്ള വകമാറ്റി ചെലവഴിച്ചെന്നും നിരവധി സ്വകാര്യ അക്കൗണ്ടിലേക്ക് പണം െകെമാറ്റം ചെയ്തെന്നുമാണ് കുറ്റപത്രത്തിലെ ആരോപണം. കേസുമായി ബന്ധപ്പെട്ട് ഫറൂഖിനെ പലതവണ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മെയ് 31-ന് ശ്രീനഗറില്‍ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തതാണ് ഒടുവിലത്തെ സംഭവം.
ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തെ സി.ബി.ഐ. സമര്‍പ്പിച്ചിരുന്ന കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. ഈ വിഷയത്തില്‍ കേസെടുത്തത്. ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് പദവി ഫറൂഖ് ദുരുപയോഗം ചെയ്തെന്നും കായികരംഗത്ത് വഴിവിട്ട നിയമനങ്ങള്‍ നടത്തിയെന്നും പറയുന്ന ഇ.ഡി. 2020 ഡിസംബറില്‍ അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. 11.86 കോടിയുടെ സ്വത്തുക്കളാണ് അന്നു കണ്ടുകെട്ടിയത്. ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ ആയിരുന്ന അഹ്സന്‍ അഹമ്മദ് മിശ്ര അതിനുമുമ്പ് അറസ്റ്റിലായിരുന്നു. ഫറൂഖ് അബ്ദുള്ള പ്രസിഡന്റായിരുന്നപ്പോള്‍ അസോസിയേഷന്‍ ഭാരവാഹികളുടേതുള്‍പ്പെടെ ഒട്ടേറെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് പണം പോയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
എന്നാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കു നേരേ പ്രയോഗിക്കുന്ന പതിവു കാര്യം മാത്രമാണിതെന്നാണ് കാശ്മീര്‍ താഴ്വരയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഇതു തുടരുമെന്ന് എണ്‍പത്തിനാലുകാരനായ ഫറൂഖ് അബ്ദുള്ള പ്രതികരിച്ചു.

