ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒക്കല്‍ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തില്‍ വിദഗ്ധസംഘം ആവാസവ്യവസ്ഥ പഠനം നടത്തി. കാക്കനാട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്രം മേധാവി മിലു മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിത്തുത്പാദന കേന്ദ്രത്തിലെ ആവാസവ്യവസ്ഥ വിലയിരുത്തിയത്. ആകെ 32 ഏക്കര്‍ വിസ്തൃതിയുള്ള ഫാമിനെ വിവിധ ഭാഗങ്ങളായി തിരിച്ച് കീടങ്ങളുടെയും മിത്രകീടങ്ങളുടെയും സാമ്പിളുകള്‍ വിദഗ്ധ സംഘം ശേഖരിച്ചു.
ഫാമിലെ ജൈവവൈവിദ്ധ്യം വളരെ സജീവമാണെന്നും വിവിധയിനം തുമ്പികള്‍, ചിലന്തികള്‍ തുടങ്ങിയ മിത്രകീടങ്ങളുടെ സാന്നിദ്ധ്യം അത്ഭുതപ്പെടുത്തിയെന്നും സംഘം പറഞ്ഞു. കൃഷിയിടത്തിൽ ശത്രു കീടങ്ങളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയെ നിയന്ത്രിക്കാനാവശ്യമായ മിത്ര കീടങ്ങൾ പരിസ്ഥിതിയിൽ തന്നെ ഉള്ളതിനാൽ മറ്റ് നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ട ആവശ്യമില്ല എന്ന് സംഘം
വിലയിരുത്തി.
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ തീരുമാനപ്രകാരം ഘട്ടം ഘട്ടമായി രാസകീടനാശിനികളുടെ ഉപയോഗം ഫാമില്‍ കുറച്ചു കൊണ്ടുവരുകയാണ്. കഴിഞ്ഞ പത്തു മാസത്തോളമായി രാസ കീടനാശിനികള്‍, കളനാശിനികള്‍ എന്നിവ ഒഴിവാക്കിയാണ് ഒക്കല്‍ ഫാമില്‍ കൃഷി നടത്തുന്നതെന്ന് കൃഷി അസി. ഡയറക്ടര്‍ ഫിലിപ് ജി.ടി കാനാട്ട് പറഞ്ഞു.
ആവാസവ്യവസ്ഥ പഠനത്തിന്റെ ഭാഗമായി ഫാമിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും നൽകി. നെല്ലിന്റെ കീടനിയന്ത്രണത്തില്‍ മിത്രകീടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും, പ്രകൃതിയോട് ചേര്‍ന്നുള്ള കാര്‍ഷിക രീതിയുടെ പ്രാധാന്യത്തെക്കുറിച്ചും, അതുവഴി എങ്ങനെ സുസ്ഥിരകാര്‍ഷിക വികസനം യാഥാര്‍ത്ഥ്യമാക്കാം തുടങ്ങിയ വിഷയങ്ങളെ കുറിച്ചായിരുന്നു പരിശീലനം.
കീട നിയന്ത്രണ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്ലാന്റ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരായ ടോം ചെറിയാന്, എം.ഷീലു, എസ്.എല്‍ പ്രകാശിനി തുടങ്ങിയവര്‍ വിദഗ്ധ സംഘത്തിലുണ്ടായിരുന്നു.

