കൊച്ചി: ഒടിടി പ്ലാറ്റ് ഫോമുകളെ നിയന്ത്രണിക്കണമെന്ന ആവശ്യം ഉന്നയിച്ച് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ചിത്രം ഒടിടിയ്ക്ക് നൽകുന്ന സമയപരിധി വർധിപ്പിക്കണം എന്നാണ് സംഘടനയുടെ ആവശ്യം. 26/07/22 ചൊവ്വാഴ്ച കൊച്ചിയിൽ ചേരുന്ന യോഗത്തിൽ ഇക്കാര്യം തിയേറ്റർ ഉടമകൾ അവതരിപ്പിക്കും.
തിയേറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ 42 ദിവസങ്ങൾക്ക് ശേഷം ഒടിടിക്ക് നൽകുന്ന പ്രവണത അവസാനിപ്പിക്കണം. തിയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസം കഴിഞ്ഞാൽ ഉടൻ ഒടിടി പ്ലാറ്റ് ഫോമിന് നൽകുകയാണ്. കരാർ ലംഘിച്ച് പല ചിത്രങ്ങളും ഇതിനു മുമ്പായും ഒടിടിയിൽ എത്തുന്നു.
ഒടിടിയുമായി ബന്ധപ്പെട്ട് തിയേറ്റർ ഉടമകൾ ഉന്നയിച്ച ആവശ്യം നേരത്തെ ഫിലിം ചേംബർ തള്ളിയിരുന്നു. സിനിമകൾ ഒടിടിക്ക് നൽകുന്ന സമയപരിധി 56 ദിവസം ആക്കണമെന്ന ആവശ്യമാണ് ഫിലിം ചേംബർ പരിഗണിക്കാതിരുന്നത്. തങ്ങളുടെ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് തിയേറ്റർ ഉടമകളുടെ തീരുമാനം.
സംഘടനയുമായി സഹകരിക്കാത്ത താരങ്ങൾക്കും, നിർമ്മാതാക്കൾക്കും എതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. കെജിഎഫ്, ആർആർആർ, വിക്രം, മാസ്റ്റർ തുടങ്ങിയ വലിയ സിനിമകൾക്ക് മാത്രമാണ് ജനങ്ങൾ ഇപ്പോൾ വലിയ തരത്തിൽ തിയേറ്ററിൽ എത്തുന്നത്. ഈ സ്ഥിതി തുടരുകയാണെങ്കിൽ തിയേറ്ററുകൾ അടച്ചുപൂട്ടേണ്ടി വരുമെന്നും ഉടമകൾ വ്യക്തമാക്കുന്നു.

