ഇന്ത്യയെ ലോകം അറിഞ്ഞ ദിനം; ജൂലൈ 26 കാർഗിൽ വിജയദിനം

തിരുവനന്തപുരം: സ്വന്തം മണ്ണിൽ കടന്നുകയറി നിലയുറപ്പിച്ച് രാജ്യത്തിന്റെ അഭിമാനത്തിന് വിലയിട്ട മതതീവ്രവാദികളെയും അവർക്ക് വെള്ളവും വളവും നൽകി വളർത്തിയ പാക്കിസ്ഥാൻ സൈന്യത്തെയും ശക്തമായ ആക്രമണത്തെയും പ്രതികൂല കാലാവസ്ഥയേയും മറികടന്ന് തൂത്തെറിഞ്ഞ് വിജയം നേടിയ ഇന്ത്യൻ സൈനികരുടെ ആരവങ്ങളാൽ കാർഗിൽ യുദ്ധഭൂമി മുഖരിതമായ ദിനം. പാക്കിസ്ഥാൻ പട്ടാളത്തിന്റെ അതീവ രഹസ്യമായ ഓപ്പറേഷൻ ബാദറിന് മറുപടിയായി ഇന്ത്യയുടെ ഓപ്പറേഷൻ വിജയ് ആഞ്ഞടിച്ചപ്പോൾ ലോകത്തിന് മുന്നിൽ നാണംകെട്ട തോൽവിയുമായി പാകിസ്ഥാൻ പകച്ചുനിന്നു. കാർഗിലിലെ ടൈഗർ ഹിൽസിനു മുകളിൽ ഉയർന്ന മൂവർണ്ണക്കൊടി സമ്പൂർണ്ണ വിജയത്തിന്റെ അടയാളം മാത്രമായിരുന്നില്ല ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് ഏത് ശക്തിയായിരുന്നാലും തിരിച്ചടിക്കാൻ ഭാരതത്തിനു മടിയില്ലെന്നതിനുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു.

1998 നവംബർ – ഡിസംബർ മാസത്തിൽ പ്രകൃതി പ്രതികൂലമായ സമയത്താണ് ഓപ്പറേഷൻ ബാദർ ആരംഭിക്കുന്നത്. വളരെ മുന്നൊരുക്കത്തോടെയായിരുന്നു പാക്കിസ്ഥാന്റെ കടന്നു കയറ്റം. തീവ്രവാദികളുടെ വേഷത്തിൽ പട്ടാളക്കാരെ അതിർത്തി കടത്തി ഇന്ത്യൻ പ്രദേശത്ത് നിലയുറപ്പിച്ച പാക്കിസ്ഥാന് തർക്ക പ്രദേശമായ സിയാചിൻ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗർ – കാർഗിൽ – ലേ ഹൈവേ ഉൾപ്പെടെ നിർണായക പ്രദേശങ്ങൾ അധീനതയിലാക്കുകയായിരുന്നു ലക്ഷ്യം. ആ ഒരു ലക്ഷ്യത്തിലേക്ക് പതിയെ പതിയെ നടന്നെടുത്ത് പാകിസ്ഥാൻ പട്ടാളം അതിർത്തിക്കിപ്പുറത്ത് ശക്തമായി നിലയുറപ്പിച്ച ശേഷമാണ് ഇന്ത്യയ്ക്ക് വിവരം ലഭിക്കുന്നത്.

സ്വന്തം ആത്മാഭിമാനത്തെ ചോദ്യം ചെയ്ത പാക്കിസ്ഥാന് ശക്തമായ മറുപടിയോടെ ആയിരുന്നു ഇന്ത്യ പ്രതികരിച്ചത്. ഓപ്പറേഷൻ വിജയ് എന്ന പേരിൽ നഷ്ടപ്പെട്ട പ്രദേശങ്ങൾ വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പ്രത്യാക്രമണം ഏകദേശം 50 ദിവസം നീണ്ടുനിന്നു. ഒടുവിൽ ശക്തമായ ഇന്ത്യൻ സൈന്യത്തിന്റെ കരുത്തറിഞ്ഞ പാക്കിസ്ഥാൻ കൈവശപ്പെടുത്തിയ പ്രദേശങ്ങളും അതിൽ കൂടുതലും വിട്ട് പിന്മാറുകയായിരുന്നു. 1999 ജൂലൈ 26 കാർഗിൽ യുദ്ധം ഔദ്യോഗികമായി അവസാനിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.

കാർഗിൽ യുദ്ധത്തിൽ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 527 ധീര ജവാന്മാരെയാണ്. ഇന്ത്യൻ ആക്രമണത്തിൽ ഭീകരമായ നാശം സംഭവിച്ച പാക്കിസ്ഥാൻ സൈന്യം പക്ഷേ കാർഗിൽ യുദ്ധത്തിൽ തങ്ങളുടെ പങ്കു നിഷേധിക്കുകയായിരുന്നു. കുറ്റം മുഴുവനും പാക്കിസ്ഥാൻ തീവ്രവാദികളിൽ ആയിരുന്നു ചാർത്തിയത്. എന്നാൽ പിൽക്കാലത്ത് കാർഗിൽ യുദ്ധത്തിന്റെ യഥാർത്ഥ സൂത്രധാരന്മാർ പാക്കിസ്ഥാൻ സൈന്യം ആണെന്ന് തെളിയുകയും ഉണ്ടായി.

കാർഗിൽ യുദ്ധസമയത്തെ സേന തലവനും പിൽക്കാലത്ത് പാകിസ്ഥാൻ ഭരണാധികാരിയുമായ പർവേസ് മുഷാറഫ് അന്നത്തെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ജാവേദ് ഹസൻ, റാവൽപിണ്ടി ആസ്ഥാനമായുള്ള പത്താം ബറ്റാലിയൻ കമാൻഡർ ആയിരുന്ന ലഫ്റ്റനന്റ് ജനറൽ മഹമൂദ് അഹമ്മദ് എന്നിവരുടെ സംയുക്ത ഗൂഢാലോചനയുടെ ഫലമായിരുന്നു കാർഗിലിൽ നടപ്പാക്കി തിരിച്ചടി ഏറ്റുവാങ്ങിയതും പാക്കിസ്ഥാൻ എന്ന രാജ്യത്തെ ലോകരാജ്യങ്ങൾക്ക് മുന്നിൽ ഒറ്റപ്പെടുത്തിയതുമായ കാർഗിൽ യുദ്ധം. തങ്ങൾക്ക് വെറും 450 സൈനികരെ നഷ്ടപ്പെട്ടു എന്നായിരുന്നു പാകിസ്താന്റെ വാദമെങ്കിലും യാഥാർത്ഥ്യം അതിലും എത്രയോ മടങ്ങ് കൂടുതലായിരുന്നു എന്നുള്ളത് ലോകരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്.

അന്ന് കാർഗിലിൽ ഇന്ത്യ കുറിച്ചത് അഭിമാനത്തിന്റെ വിജയം ആയിരുന്നു. കാർഗിൽ വിജയക്കൊടി നാട്ടിയ ജൂലൈ 26 ഇന്ത്യ പിന്നീട് ”വിജയ് ദിവസ്” എന്ന പേരിൽ ആചരിക്കാൻ തുടങ്ങി. കാർഗിലിൽ രാജ്യത്തിന് നഷ്ടമായ 527 ജവാന്മാർക്ക് പ്രണാമങ്ങൾ അർപ്പിച്ച് എല്ലാ വർഷവും രാജ്യം ഓർമ്മ പുതുക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →