തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് ആയ ”കേരളസവാരി” ചിങ്ങം ഒന്നു മുതൽ ആരംഭിക്കും. ഓലെക്കും, ഊബറിനും ബദലായാണ് ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് വരുന്നത്. 500 ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായി കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
തർക്കങ്ങൾ ഇല്ലാത്ത സുരക്ഷിത യാത്രയാണ് കേരളസവാരിയുടെ പ്രധാന ലക്ഷ്യം. ഐടി, പോലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം തിരുവനന്തപുരത്താണ് നടപ്പാക്കുക. സർക്കാർ മേഖലയിലെ ആദ്യ ഓട്ടോ ടാക്സി സംവിധാനമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, പാലക്കാട് കഞ്ചിക്കോടുള്ള കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐടിഐ) എന്നിവയുടെ സംയുക്ത സംരംഭമാണ് ” സവാരി “
ഇതിനായി സോഫ്റ്റ്വെയർ തയ്യാറാക്കുന്നത് കളമശ്ശേരിയിലെ വിഎസ്ടി എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ്. ആദ്യഘട്ടത്തിൽ പത്തു കോടി ചെലവാക്കുന്നത് ഐടിഐ ആണ്. ക്ഷേമനിധി ബോർഡ് അംഗങ്ങളായ 10 ലക്ഷത്തോളം ടാക്സിക്കാർ, ഓട്ടോ ഉടമകളെയും, തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് പദ്ധതി. ആദ്യമായാണ് സർക്കാർ ഓൺലൈൻ ടാക്സി സേവനത്തിൽ പങ്കാളിത്തം നൽകുന്നത് കോവിഡ് കാരണം നീണ്ടുപോയ പദ്ധതിയാണ് ഓണത്തിന് ശേഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ശേഷം മറ്റു ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കും എന്ന് ബോർഡ് ചെയർമാൻ എം.എസ് സ്കറിയ വ്യക്തമാക്കി. സ്വകാര്യ ഓൺലൈൻ ടാക്സികൾ രംഗത്തെത്തിയതോടുകൂടിയുള്ള വരുമാന നഷ്ടം നികത്താനാണ് ഈ തീരുമാനം.
24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ ആണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. സോഫ്റ്റ്വെയർ, ജിപിഎസ് ഏകോപനം, കോൾ സെന്റർ എന്നിവ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. പൊതു ജനങ്ങൾക്ക് ഓട്ടോ ടാക്സി ബുക്ക് ചെയ്യുന്നതിന് മൊബൈൽ ആപ്പും ലഭ്യമാക്കും.

