ആലപ്പുഴ: മാധ്യമപ്രവർത്തകൻ കെ. എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ രേണു രാജിൽ നിന്നാണ് ചുമതലയേറ്റത്. ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് 26/07/22 ചൊവ്വാഴ്ച പതിനൊന്നരയോടെ കളക്ടറേറ്റിൽ എത്തി ചുമതലയേറ്റത്. കളക്ടറേറ്റിനു പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രീറാമിനെ കരിങ്കൊടി കാണിച്ചു.
രണ്ടുവർഷത്തിൽ കൂടുതലായിട്ട് ആരോഗ്യവകുപ്പിലാണ് വർക്ക് ചെയ്യുന്നതെന്നും ഹെൽത്ത് സിസ്റ്റത്തെ കുറിച്ച് അല്ലാതെ മറ്റൊന്നും അറിയില്ലെന്നുമായിരുന്നു ചുമതലയേറ്റശേഷം ശ്രീറാമിന്റെ പ്രതികരണം. പഠിച്ചിട്ട് ഏറ്റവും നല്ല രീതിയിൽ ഇടപെടാനാണ് ഉദ്ദേശം. ആദ്യമായിട്ടല്ലേ കളക്ടർ ആകുന്നത് എടുത്തുചാടി ഒന്നും പറയുന്നില്ല എന്നും ചോദ്യങ്ങൾക്ക് മറുപടിയായി ശ്രീറാം പ്രതികരിച്ചു.

