തൃശ്ശൂർ: യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിലായി. പഴുന്നാന ചെമ്മന്തിട്ട സ്വദേശിയായ യുവതിയുടെ ഭർത്താവും ഇയാളുടെ സുഹൃത്തുമാണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്. യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിന് പുറത്ത് താമസിച്ചിരുന്ന യുവതിയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തത് ഒരു വർഷം മുൻപാണ്. ബന്ധുവായ യുവാവുമായി യുവതിക്ക് ബന്ധമുണ്ടെന്ന പേരിൽ ആദ്യം മർദ്ദിക്കുകയായിരുന്നു. പിന്നീട് ഇരുവരും ചേർന്നുള്ള ചിത്രങ്ങൾ കിട്ടിയതോടെ മർദ്ദനത്തിന്റെ രൂപം മാറി കൊടിയ ലൈംഗിക പീഡനമായി.
കൂട്ട ബലാത്സംഗത്തിനും പീഡനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനും ഗാർഹിക പീഡനത്തിനുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ക്രൂരമായ പീഡനത്തെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രണ്ട് പ്രതികളും അറസ്റ്റിലായത്. യുവതിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും യു എസ് ബി പെൻ ഡ്രൈവ് അടക്കമുള്ളവയും പൊലീസ് സംഘം ഇവരുടെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു.
രണ്ട് പ്രതികളെയും പൊലീസ് തെളിവെടുപ്പിന് കൊണ്ടുപോയി. ഇന്ന് (23.07.2022)തന്നെ കുന്നംകുളം കോടതിയിൽ ഹാജരാക്കി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും. യുവതി ഇപ്പോൾ അപകട നില തരണം ചെയ്തെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

