കെ എസ് ആർ ടി സി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഡ്രൈവറുടെ ഭാ​ഗത്ത് ​ഗുരുതര വീഴ്ചയെന്ന് മോട്ടോർ വാഹന വകുപ്പ്

ആലപ്പുഴ: ആലപ്പുഴയിൽ കെ എസ് ആർ ടി സി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. കെ എസ് ആർ ടി സി ഡ്രൈവർ കെ വി ശൈലേഷിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് മോട്ടോർ വാഹനവകുപ്പ് പരിശോധനയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇക്കാര്യത്തിൽ നടപടിയെടുക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് ആർ ടി സി ഡ്രൈവർ കെ വി ശൈലേഷിന് മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകി.

അപകടത്തിന് കാരണം കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. അപകടത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് മോട്ടോർ വാഹന വകുപ്പ് കെ എസ് ആർ ടി സി ഡ്രൈവർക്ക് എതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്. ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിൽ വൈകിട്ട് നാല് മണിക്കായിരുന്നു അപകടം. ആലപ്പുഴ കണ്ണാട്ടുചിറയിൽ മാധവൻ ആചാരിയും മകനും ഇടത് വശത്ത് ശരിയായ ദിശയിലൂടെയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്.

സ്കൂട്ടറിന്റെ പിറകിലായിരുന്നു കെ എസ് ആർ ടി സി ബസ്. ഓവർടേക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബസ് സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസിനടിയിലേക്ക് വീണ മാധവൻ അപകട സ്ഥലത്ത് തന്നെ മരണമടഞ്ഞു. സ്കൂട്ടർ ഓടിച്ചിരുന്ന മാധവന്റെ മകൻ ഷാജിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കലവൂർ സ്വദേശിയാണ് കെ എസ് ആർ ടി സി ബസ് ഓടിച്ച കെ വി ശൈലേഷ്. ഇദ്ദേഹത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ മന്ത്രി ആൻറണി രാജു കെ എസ് ആർ ടി സി മാനേജിങ് ഡയറക്ടർക്ക് നിർദ്ദേശം നൽകി

Share
അഭിപ്രായം എഴുതാം