സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി സഞ്ജുവിന്റെ സേവ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ സേവ് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായി. മത്സരത്തില്‍ ബാറ്റ് കൊണ്ട് ഒന്നും ചെയ്യാനായില്ലെങ്കിലും വിക്കറ്റിനു പിന്നില്‍ സഞ്ജുവിന്റെ ഒരു ഇടപെടല്‍ മത്സരം സ്വന്തമാക്കാന്‍ ഇന്ത്യയെ സഹായിച്ചു.മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിലാണ് സഞ്ജു ഡൈവ് ചെയ്ത് പന്ത് തടുത്തത്. മുഹമ്മദ് സിറാജ് അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ വിന്‍ഡീസിന് നാല് വിക്കറ്റ് ശേഷിക്കേ ജയിക്കാന്‍ 15 റണ്‍ മതിയായിരുന്നു. ആ ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി സിറാജ് ഇന്ത്യയെ ജയിപ്പിച്ചു. സിറാജ് എറിഞ്ഞ അവസാന ഓവറിലെ ബൗണ്ടറിയെന്ന് ഉറപ്പിച്ച ഒരു വൈഡ് മുഴുനീള ഡൈവിലൂടെ സഞ്ജു തടുത്തിട്ടു. ഉറച്ച ഒരു ഫോറാണ് സഞ്ജു തടഞ്ഞത്. ആകാശ് ചോപ്രയടക്കമുള്ള നിരൂപകര്‍ സഞ്ജുവിന്റെ സേവിനെ പുകഴ്ത്തി ട്വീറ്റ് ചെയ്തു. ഏഴാം വിക്കറ്റില്‍ ഒന്നിച്ച അകീല്‍ ഹുസൈന്‍ – റൊമാരിയോ ഷെപ്പേര്‍ഡ് കൂട്ടുകെട്ട് ക്രീസിലുള്ളപ്പോഴാണ് സിറാജ് അവസാന ഓവര്‍ എറിയാനെത്തുന്നത്.

ആദ്യ പന്തില്‍ അകീല്‍ ഹുസൈന് റണ്ണൊന്നും നേടാനായില്ല. രണ്ടാം പന്തില്‍ ലെഗ്‌ബൈയിലൂടെ ഒരു റണ്‍. മൂന്നാം പന്തില്‍ സ്‌ട്രൈക്ക് കിട്ടിയ റൊമാരിയോ ഷെപ്പേര്‍ഡ് പന്ത് അതിര്‍ത്തി കടത്തി. നാലാം പന്തില്‍ ഷെപ്പേര്‍ഡ് രണ്ടു റണ്‍സെടുത്തു. ഇതോടെ അവസാന രണ്ടു പന്തില്‍ വിജയത്തിലേക്ക് എട്ടു റണ്‍ എന്ന നിലയിലായി. പിന്നാലെയെറിഞ്ഞ പന്തിലായിരുന്നു സഞ്ജു ടീമിന്റെ രക്ഷകനായത്. സിറാജ്, ഷെപ്പേര്‍ഡിനെതിരേ എറിഞ്ഞ പന്ത് ലെഗ് സൈഡിലൂടെ വൈഡായി പുറത്തേക്ക്. ഈ പന്ത് അതിര്‍ത്തി കടക്കുമെന്ന് ഉറപ്പിച്ചിരിക്കേയാണു സഞ്ജു മുഴുനീള ഡൈവിലൂടെ സഞ്ജു തടഞ്ഞിട്ടത്. ഈ പന്തില്‍ വിന്‍ഡീസ് ബാറ്റര്‍മാര്‍ ഓടി റണ്ണെടുത്തില്ല. വീണ്ടുമെറിഞ്ഞ അഞ്ചാം പന്തിലും ഷെപ്പേഡ് രണ്ട് റണ്ണെടുത്തു. അതോടെ അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍ വേണമെന്നായി. അവസാന പന്തും ഷെപ്പേഡിനെ മറികടന്ന് സഞ്ജുവിന്റെ പക്കലേക്ക്. ബൈ ആയി ലഭിച്ച ഒരു റണ്‍ മാത്രമായിരുന്നു അതില്‍ വിന്‍ഡീസിന്റെ നേട്ടം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →