യൂജിന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ യു.എസിന്റെ സിഡ്‌നി മക്ലാഫ്‌ലിന് ലോക റെക്കോഡോടെ സ്വര്‍ണം നേടി. 22 വയസുകാരിയായ സിഡ്നി 50.68 സെക്കന്‍ഡിലാണു ഫിനിഷ് ചെയ്തത്. ഒരു മാസം മുമ്പ് യു.എസ്. ട്രയല്‍സില്‍ താന്‍ തന്നെ കുറിച്ച 51.41 സെക്കന്‍ഡിന്റെ റെക്കോഡാണു താരം തിരുത്തിയത്.
52.27 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഹോളണ്ടിന്റെ ഫെംകെ ബോല്‍ വെള്ളിയും 53.13 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത യു.എസിന്റെ നിലവിലെ ചാമ്പ്യന്‍ ഡാലിയ മുഹമ്മദ് വെങ്കലവും സ്വന്തമാക്കി. ഇരുവരുടെയും സീസണ്‍ ബെസ്റ്റ് പ്രകടനമായിരുന്നു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആദ്യമായാണ് ഒരു വനിത 50 സെക്കന്‍ഡില്‍ ഓടിയെത്തുന്നത്. അവസാന 100 മീറ്റര്‍ ഓടിയെത്തുമെന്നു കരുതിയില്ലെന്നു സിഡ്നി മത്സരത്തിനു ശേഷം പറഞ്ഞു. 400 മീറ്റര്‍ ഓട്ടത്തില്‍ ബഹാമസിന്റെ ഷോണ്‍ മില്ലര്‍ ഉയിബോ 49.11 സെക്കന്‍ഡിന്റെ ലോകോത്തര പ്രകടനവുമായി സ്വര്‍ണം നേടി. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മാരിലെഡി പൗലിനോ 49.60 സെക്കന്‍ഡില്‍ വെള്ളിയും ബാര്‍ബഡോസിന്റെ സാദാ വില്യംസ് 48.75 സെക്കന്‍ഡിന്റെ ദേശീയ റെക്കോഡോടെ വെങ്കലവും നേടി.
പുരുഷന്‍മാരുടെ 400 മീറ്ററില്‍ യു.എസിഴന്റ മൈക്കിള്‍ നോര്‍മാന്‍ 44.29 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. ഗ്രനേഡയുടെ മുന്‍ ചാമ്പ്യന്‍ കിരാനി ജെയിംസ് 44.48 സെക്കന്‍ഡില്‍ വെള്ളിയും ബ്രിട്ടന്റെ മാത്യു ഹഡ്സണ്‍ സ്മിത്ത് 44.66 സെക്കന്‍ഡില്‍ വെങ്കലവും നേടി.
വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഓസ്ട്രേലിയയുടെ കെല്‍സി ലീ ബാര്‍ബര്‍ സ്വര്‍ണം നിലനിര്‍ത്തി. 66.91 മീറ്ററിന്റെ ലോകോത്തര പ്രകടനവുമായാണു കെല്‍സി സ്വര്‍ണം നേടിയത്. യു.എസിന്റെ കാരാ വിംഗര്‍ 64.05 സെക്കന്‍ഡില്‍ വെള്ളിയും ജപ്പാന്റെ ഹാരുക കിറ്റാഗുചി 63.27 മീറ്റര്‍ എറിഞ്ഞു വെങ്കലവും നേടി. ജപ്പാന്റെ ജാവലിനിലെ ആദ്യ മെഡലാണിത്.
ഇന്ത്യയുടെ അന്നു റാണി ഏഴാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്. അന്നുവിനെ കൂടാതെ ചൈനയുടെ ഒളിമ്പിക് ചാമ്പ്യന്‍ ലിയു ഷിയിങ്, ഓസ്ട്രേലിയയുടെ മക്കന്‍സി ലിറ്റില്‍ എന്നിവരും മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാതെ മടങ്ങി. 400 മീറ്റര്‍ ഓട്ടക്കാരി കാത്തി ഫ്രീമാന് ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ഓസ്ട്രേലിയന്‍ താരമാണു കെല്‍സി ലീ ബാര്‍ബര്‍.
വനിതകളുടെ 35 കിലോ മീറ്റര്‍ നടത്തത്തില്‍ പെറുവിന്റെ കിംബര്‍ലി ഗാര്‍സിയ ലിയോണ്‍ സ്വര്‍ണം നേടി. ചാമ്പ്യന്‍ഷിപ്പ് റെക്കോഡോടെയാണു കിംബര്‍ലി യൂജിനിലെ രണ്ടാം സ്വര്‍ണം നേടിയത്. 20 കിലോ മീറ്റര്‍ നടത്തത്തിലും കിംബര്‍ലി സ്വര്‍ണം നേടിയിരുന്നു. യൂജിന്‍ സിറ്റി സെന്ററിലെ ഓറ്റ്സന്‍ സ്റ്റേഡിയത്തിലാണു നടത്ത മത്സരം നടന്നത്. രണ്ട് മണിക്കൂര്‍ 39 മിനിറ്റ് 16 സെക്കന്‍ഡിലായിരുന്നു കിംബര്‍ലിയുടെ സ്വര്‍ണ നേട്ടം. താരത്തിന്റെ കരിയര്‍ ബെസ്റ്റിനെക്കാള്‍ നാല് മിനിറ്റ് വേഗത്തിലായിരുന്നു ഇത്തവണ ഫിനിഷ് ചെയ്തത്.
വെള്ളി നേടിയ പോളണ്ടിന്റെ കാറ്റാര്‍സിന സിയബ്ലോ കിംബര്‍ലിയെക്കാള്‍ 47 സെക്കന്‍ഡ് മാത്രം പിന്നിലായിരുന്നു. ചൈനയുടെ ക്വിയാങ് ഷിജി രണ്ട് മണിക്കൂര്‍ 40 മിനിറ്റ് 37 സെക്കന്‍ഡില്‍ വെങ്കലം നേടി.
മെഡല്‍ പട്ടികയില്‍ യു.എസ്. ആധിപത്യം തുടരുകയാണ്. ഒന്‍പത് സ്വര്‍ണവും ഏഴ് വെള്ളിയും 10 വെങ്കലവും അടക്കം 26 മെഡലുകളാണ് അവരുടെ നേട്ടം. രണ്ടാം സ്ഥാനത്തുള്ള എത്യോപ്യക്കു മൂന്നു സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവും അടക്കം എട്ട് മെഡലുകളാണ്. മൂന്നാം സ്ഥാനത്തുള്ള ജമൈക്കയ്ക്ക് ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും അടക്കം ആറ് മെഡലുകളാണ്.

