കോഴിക്കോട്: കെപിസിസിയുടെ ചിന്തൻ ശിബിരം കോഴിക്കോട് ആരംഭിച്ചു. കെ കരുണാകരൻ നഗറിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രധാന വേദിയിലേക്ക് പ്രവേശിച്ചു. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ മിക്കവരും കോഴിക്കോട് എത്തിയിട്ടുണ്ട്.
കോൺഗ്രസിന്റെ സംഘടന പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ചിന്തൻ ശിബിരം സംഘടിപ്പിക്കുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെ പ്രവർത്തനസജ്ജമാക്കുന്നതിനായി ഒരു കലണ്ടർ ചിന്തൻ ശിബിരത്തിൽ തയ്യാറാക്കും. പാർട്ടിയുടെ കാലാനുസൃതവും, സമൂലവുമായ നവീകരണം എന്ന ലക്ഷ്യമാണ് ഈ ഉദ്യമത്തിന് പിന്നിൽ. പാർട്ടി ഫോറങ്ങളിൽ ദളിത്, പിന്നോക്ക, ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങൾക്കും, വനിതകൾ, യുവാക്കൾ എന്നിവർക്കും കൂടുതൽ പ്രാധാന്യം നൽകുന്നത് സംബന്ധിച്ച നയരൂപീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയാകും.
ഉദ്ഘാടന ചടങ്ങിൽ കെപിസിസി പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കോൺഗ്രസ് പ്രവർത്തകസമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി, മധ്യപ്രദേശ് മുഖ്യമന്ത്രിയും പ്രവർത്തകസമിതി സ്ഥിരം ക്ഷണിതാവുമായ ദ്വിഗ് വിജയ് സിംഗ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാൾ എന്നിവർ അഭിസംബോധന ചെയ്തു.
എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡണ്ടുമാർ, കെപിസിസി എക്സിക്യൂട്ടീവ് അംഗങ്ങൾ, പോഷക സംഘടന സംസ്ഥാന പ്രസിഡന്റുമാർ, ദേശീയ നേതാക്കൾ ഉൾപ്പെടെ 191 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 5 കമ്മറ്റികളാണ് ചിന്തൻ ശിബിരത്തിന്റെ ചർച്ചാവിഷയങ്ങൾ തയ്യാറാക്കുന്നത്. ഇവയെ അധികരിച്ച് പ്രതിനിധികളുടെ ചർച്ച നടക്കും.

