കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎയുടെ വൈപ്പിൻ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ എസ്.എസ്.എൽ.സിക്കും പ്ലസ്ടുവിനും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ആദരം നാളെ (ജൂലൈ23). ആദരാനുമോദന സമ്മേളനം ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ രാവിലെ ഒൻപതിന് നിയമസഭാ സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്ത് അവാർഡുകൾ സമ്മാനിക്കും.
മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ മണ്ഡലത്തിലെ സ്കൂളുകളിൽ പഠിച്ചവരും ഇതര മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച വൈപ്പിൻ സ്വദേശികളുമായ 390 കുട്ടികളെയാണ് എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി റോട്ടറി ക്ലബിന്റെയും മലയാള മനോരമയുടെയും മോളിക്യുലാർ ആശുപത്രി ഗ്രൂപ്പിന്റെയും സഹകരണത്തോടെ ഉപഹാരങ്ങൾ നൽകി ആദരിക്കുന്നത്. ചടങ്ങിൽ കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ആതുര ശുശ്രൂഷ രംഗത്ത് ആറു പതിറ്റാണ്ടായി കർമ്മനിരതനായ ഡോ. എം.കെ കരുണാകരനെ ചടങ്ങിൽ ആദരിക്കും.
റോട്ടറി ഡിസ്ട്രിക്റ്റ് – 3201 ഗവർണർ എസ് രാജ്മോഹൻ നായർ മുഖ്യാതിഥിയാകും. വരാപ്പുഴ അതിരൂപത അത്മായ കമ്മീഷൻ ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ വിശിഷ്ടാതിഥിയാകും. ഡോ. പൂർണ്ണിമ നാരായണൻ പ്രചോദനാത്മക പ്രഭാഷണം നടത്തും.
മലയാള മനോരമ സർക്കുലേഷൻ വൈസ് പ്രസിഡന്റ് രാജഗോപാലൻ നായർ, മോളിക്യുലാർ ആശുപത്രി ഗ്രൂപ്പ് ഡയറക്ടർ ഡോ. എം.ആർ.എ പിള്ള, റോട്ടറി കൊച്ചിൻ സോൺ ജില്ല ഡയറക്ടർ നോബി, വിദ്യാഭ്യാസ പദ്ധതി കോ ഓർഡിനേറ്റർ എ.പി പ്രിനിൽ, കേരള മാരിടൈം ബോർഡ് അംഗം അഡ്വ സുനിൽ ഹരീന്ദ്രൻ, കൊച്ചി താലൂക്ക് ഗ്രന്ഥശാല സംഘം സെക്രട്ടറി ഒ.കെ കൃഷ്ണകുമാർ, ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ, എം.ജി സർവ്വകലാശാല സെനറ്റംഗം എൻ.എസ് സൂരജ് എന്നിവർ പ്രസംഗിക്കും.

