‘എന്റെ നഗരം, ശുചിത്വ നഗരം’ മേഖലാതല ശില്‍പശാല ജൂലൈ 25 ന് രാവിലെ പത്തിന് എറണാകുളം ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. നഗരസഭകള്‍ക്കായി നടത്തുന്ന ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതിയാണ് എന്റെ നഗരം, ശുചിത്വ നഗരം.
എറണാകുളത്ത് നടക്കുന്ന ശില്‍പ്പശാലയില്‍ തൃശൂര്‍, എറണാകുളം, പാലക്കാട്, ഇടുക്കി ജില്ലകളിലെ പ്രതിനിധികളാണ് പങ്കെടുക. നഗരസഭ തലത്തില്‍ ശുചിത്വ, മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഊര്‍ജ്ജിതമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശില്‍പലശാലയില്‍ മേയര്‍മാര്‍, നഗരസഭ ചെയര്‍മാന്‍മാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കേന്ദ്ര-സംസ്ഥാന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പദ്ധതികള്‍ ക്രമീകരിക്കുന്നതിനാവശ്യമായ നടപടികള്‍ ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്യും. സെഷനുകള്‍ക്കു ശേഷം നഗരസഭാതലത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയിലൂടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖ തയ്യാറാക്കും. കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ സെഷനുകള്‍ക്കു നേതൃത്വം നല്‍കും. ഇതോടൊപ്പം സംസ്ഥാന ശുചിത്വമിഷന്‍ ഡയറക്ടര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവരും വിഷയങ്ങള്‍ അവതരിപ്പിക്കും. സ്വച്ഛ് ഭാരത് മിഷന്‍, ശുചിത്വ കേരളം പദ്ധതികളെക്കുറിച്ചും നഗരസഭാ തലത്തില്‍ ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളെ ആസ്പദമാക്കിയുള്ള വിദഗ്ധരുടെ സെഷനുകള്‍ പരിപാടിയുടെ ഭാഗമായി നടക്കും.
ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍, കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍, തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നവകേരളം കര്‍മ്മ പദ്ധതി കോ ഓഡിനേറ്റര്‍ ടി.എന്‍ സീമ, തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയന്‍മെന്‍ കേരള സെക്രട്ടറി എം.ഒ ജോണ്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മ്മിള മേരി ജോസഫ്, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, നഗരകാര്യ വകുപ്പ് ഡയറക്ടര്‍ അരുണ്‍ കെ.വിജയന്‍, ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി ബാല ഭാസ്‌കരന്‍, ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.എച്ച് ഷൈന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

