എ.എം. ബഷീർ കേരള നിയമസഭാ സെക്രട്ടറി

പതിനഞ്ചാം കേരള ലെജിസ്‌ളേറ്റീവ് അസംബ്ലി സെക്രട്ടറിയായി  ഡിസ്ട്രിക്ട് ഏൻഡ് സെഷൻസ് ജഡ്ജി എ.എം ബഷീറിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവായി.
കേരള ജുഡീഷ്യൽ സർവീസിൽ ഡിസ്ട്രിക്ട് ഏൻഡ് സെഷൻസ്  ജഡ്ജിയായി പ്രവർത്തിക്കുന്നവരിൽ നിന്നും കേരള ഹൈക്കോടതി തയ്യാറാക്കുന്ന അഞ്ചു പേരടങ്ങുന്ന പാനലിൽ നിന്നാണ് സർക്കാർ നിയമസഭാ സെക്രട്ടറിയെ തിരഞ്ഞെടുത്ത് ഡെപ്യൂട്ടേഷൻ വഴി നിയമിക്കുന്നത്.

തൃശൂർ വടക്കാഞ്ചേരിയിൽ മച്ചാട് ദേശത്ത് അമ്മണത്ത് മൊയ്തുണ്ണിയുടേയും ഹവ്വാവുമ്മ  ഹജ്ജുമ്മയുടെയും മകനായി ജനിച്ചു. വടക്കാഞ്ചേരിയിൽ അഭിഭാഷകനായിരിക്കെ 2002ൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആയി നിയമനം ലഭിച്ചു. തുടർന്ന് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ചങ്ങനാശേരി, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ ജോലി ചെയ്തു. നിലവിൽ നെടുമങ്ങാട് കുടുംബ കോടതി ജഡ്ജിയാണ്.

എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയായിരിക്കെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 2018ലെ പ്രളയ കാലത്ത് അതോറിറ്റിയുടെ ഇടപെടൽ ദേശീയ ശ്രദ്ധ നേടിയിരുന്നു.

കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ നിയമ വിദ്യാർഥിയായിരിക്കെ പ്രസിദ്ധീകരിച്ച ആദ്യ കഥാസമാഹാരമായ ‘ഒരു പോരാളി ജനിക്കുന്നു’ (ടി.ബി.എസ്, കോഴിക്കോട്), 2007ൽ മാതൃഭൂമി വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘ഉറുപ്പ’ (നോവൽ, മാതൃഭൂമി ബുക്‌സ്), ന്യൂഡെൽഹി പാലിംസെസ്റ്റ് പ്രസിദ്ധീകരിച്ച  ‘Riot Widows’ (ഇംഗ്ലീഷ് നോവൽ), പച്ച മനുഷ്യൻ (നോവൽ, മാതൃഭൂമി ബുക്‌സ്), ജംറ (സഞ്ചാര സാഹിത്യം, എച്ച് & സി ബൂക്‌സ്),  ‘J’ case (English , Case study, Published by Swami Law House)  എന്നീ കൃതികളുടെ രചയിതാവാണ്.

ഭാര്യ സുമ, കേരള പബ്ലിക് സർവീസ് കമ്മീഷനിൽ സെക്ഷൻ ഓഫീസർ  (ഇപ്പോൾ കോർട്ട് ഓഫീസർ, ലോകായുക്ത) മക്കൾ അസ്മിൻ നയാര, ആസിം ബഷീർ കൊച്ചിൻ  യൂണിവേഴ്സിറ്റിയിൽ (കുസാറ്റ്) നിയമ വിദ്യാർഥികളാണ്.

Share
അഭിപ്രായം എഴുതാം