തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി ആരംഭിച്ച “സ്മൈൽ കേരള” സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാരും സംസ്ഥാന വനിതാ വികസന കോർപ്പറേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 6% വാർഷിക പലിശ നിരക്കിൽ പരമാവധി 5 ലക്ഷം രൂപ വരെയാണ് വായ്പ നൽകുന്നത്.
വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കുമെന്ന് വനിതാ വികസന കോർപ്പറേഷൻ മേഖല മാനേജർ അറിയിച്ചു. മുഖ്യ വരുമാനാശ്രയമായ വ്യക്തി കോവിഡ് ബാധിച്ചു മരിച്ചവരുടെ വനിതകളായ ആശ്രിതർക്കാണ് വായ്പ ലഭിക്കുക. 18നും 60 നും ഇടയിൽ പ്രായമുള്ള കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷയ്ക്കായി www.kswdc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

