തിരുവനന്തപുരം: വൈദ്യുതി ചാർജ് വർദ്ധന മൂലം പൊതുജനങ്ങൾക്കുണ്ടായ അധിക ബാധ്യതയും ആശങ്കയും സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. തുടർച്ചയായ അഞ്ചാം വർഷവും പ്രവർത്തനലാഭം എന്ന കെഎസ്ഇബിയുടെ അവകാശവാദം പ്രതിപക്ഷം ചോദ്യം ചെയ്തു. പ്രവർത്തന ലാഭം എങ്കിൽ എന്തിന് വർദ്ധന എന്ന് പ്രതിപക്ഷം ചോദിച്ചു. വൈദ്യുതി ചാർജ് വർധന യുക്തിയില്ലായ്മയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലാഭം ഉണ്ടാക്കുമെന്ന് ഒരുവശത്ത് അവകാശപ്പെടുമ്പോൾ മറുവശത്ത് സർക്കാർ ജനങ്ങൾക്കു മേൽ ഭാരം ഏൽപ്പിക്കുകയാണെന്നും സതീശൻ പറഞ്ഞു. യൂണിറ്റിന് 40 പൈസ എങ്കിലും കുറയ്ക്കാനാകുമായിരുന്നു. നിരക്ക് വർദ്ധന മൂലം സ്ഥാപനങ്ങൾ പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തും. ഇപ്പോൾ വീണ്ടും സംഘടനാഭരണമാണ് നടക്കുന്നത്. മന്ത്രി നിസ്സഹായനാണ്. 90 ഉദ്യോഗസ്ഥരെ വാട്സ്ആപ്പ് സന്ദേശം വഴി നിയമിച്ചു. 12 കോടി അധിക ചെലവ് വന്നു. ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. ബോർഡ് സർവ്വ നാശത്തിലേക്ക് പോകുന്നു എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
സർക്കാറിന് യുക്തിയില്ല ലാഭവിഹിതമാണ് ഉപഭോക്താക്കൾക്ക് കൊടുക്കേണ്ടതെന്ന് പ്രതിപക്ഷം. അൻവർ സാദത്താണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ സാധാരണക്കാരന് ചാർജ് വർദ്ധനവ് വന്നിട്ടില്ലെന്ന് വൈദ്യുതി മന്ത്രി വിശദീകരിച്ചു. കുടിശ്ശികയും, നിരക്ക് വർദ്ധനവുമായി ബന്ധമില്ല. ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിച്ചുവെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

