ചെന്നൈ: തമിഴ്നാട് കള്ളാക്കുറിച്ചിയില്‍ പ്ളസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ റീ പോസ്റ്റുമോര്‍ട്ടം എന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച് തമിഴ്നാട് ഹൈക്കോടതി. വിദഗ്ധരുടെ സാന്നിധ്യത്തില്‍ ഉടന്‍ റീ- പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം സംസ്കരിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസില്‍ 325 പേരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സ്കൂള്‍ ക്യാമ്പസില്‍ ഇന്നലെ നടന്ന പ്രതിഷേധങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. ചിന്നസേലത്തേത് പദ്ധതിയിട്ട് നടപ്പാക്കിയ പ്രതിഷേധമെന്ന് കോടതി പറഞ്ഞു. പ്രതിയെ പിടിക്കാന്‍ സ്കൂള്‍ കത്തിച്ചാല്‍ മതിയോയെന്നും കുട്ടികളുടെ ടീസിയും മറ്റ് രേഖകളും അടക്കം കത്തിക്കാന്‍ ആരാണ് അനുവാദം തന്നതെന്നും പ്രതിഷേധക്കാരോട് തമിഴ്നാട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജ് സതീഷ് കുമാര്‍ ചോദിച്ചു.
ഉടന്‍ റീ പോസ്റ്റുമോര്‍ട്ടം നടത്താനും കോടതി ഉത്തരവിട്ടു. ഇന്നലത്തെ പ്രതിഷേധത്തില്‍ അറസ്റ്റിലായ 325 പ്രതികളെ പോലീസ് കള്ളാക്കുറിച്ചി ജില്ലാ കോടതിയില്‍ ഹാജരാക്കി. ചിന്നസേലത്തെ സംഘര്‍ഷത്തിന് സമൂഹ മാദ്ധ്യമങ്ങളില്‍ ആഹ്വാനം നടത്തിയ അണ്ണാ ഡിഎംകെ ഐടി വിംഗിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

