തിരുവനന്തപുരം : അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഇനിയും ചെറുവിരലനക്കാതെ സർക്കാർ. ശിശുക്ഷേമ സമിതിക്കും ചൈൽഡ് വെൽഫയർ കമ്മിറ്റിയ്ക്കും ഗുരുതര വീഴ്ച പറ്റിയെന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകി ഏഴ് മാസം കഴിഞ്ഞിട്ടും ഒന്നുമായില്ല. വീഴ്ച മറക്കാൻ കുഞ്ഞിനെ തിരിച്ച് കൊടുത്ത് കൈകഴുകിയ സർക്കാർ, കുറ്റക്കാരെ സംരക്ഷിക്കുകയാണിപ്പോഴും.
കുഞ്ഞിനെ അനുപമയിൽ നിന്ന് മാറ്റി ചട്ടങ്ങളെല്ലാം ലംഘിച്ച് താൽക്കാലിക ദത്ത് നൽകിയ വാർത്ത മാദ്ധ്യമങ്ങൾ പുറത്തുകൊണ്ടു വന്നതോടെയാണ് ജനമനസുകളിലേക്കും അധികാരികളുടെ ശ്രദ്ധയിലേക്കുമെത്തിയത്. വിവാദം ദിവസങ്ങൾക്കുള്ളിൽ ആളിക്കത്തി. അനുപമ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരവുമായി എത്തിയതോടെ കുഞ്ഞിനെ അമ്മയ്ക്ക് കൊടുക്കാൻ സർക്കാർ നടപടി തുടങ്ങി. അതിനിടയിൽ തന്നെ വനിതാ ശിശുവികസന വകുപ്പിൻറെ അന്നത്തെ ഡയറക്ടർ ടിവി അനുപമയെ സർക്കാർ അന്വേഷിക്കാൻ ചുമതലപ്പെടുത്തി. അന്വേഷണം നടന്നു. സർക്കാർ സംവിധാനങ്ങളുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. റിപ്പോർട്ട് പരിശോധിക്കുമെന്നായിരുന്നു മന്ത്രി വീണാ ജോർജിന്റെ മറുപടി. റിപ്പോർട്ട് കിട്ടി മാസം ഏഴുകഴിഞ്ഞും പരിശോധിച്ചും പഠിച്ചും തീർന്നില്ലേയെന്നാണ് ചോദ്യം. ആ അന്വേഷണ റിപ്പോർട്ടിനെക്കുറിച്ചോ സംഭവിച്ച വീഴ്ചയെക്കുറിച്ചോ നടപടിയെക്കുറിച്ചോ മന്ത്രി വീണോ ജോർജിന് ഒന്നും പറയാനില്ല. കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഒന്നും സംഭവിച്ചില്ല.
ശിശുക്ഷേമ സമിതിക്കും ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും പോലീസിനും ഗുരുതര വീഴ്ച പറ്റിയെന്ന് വ്യക്തമായതിനാലാണ് ദത്ത് കൊടുത്ത കുഞ്ഞിനെ അമ്മയ്ക്ക് തിരിച്ച് നൽകേണ്ടി വന്നത്. അന്വേഷണ റിപ്പോർട്ട് കിട്ടി ഏഴുമാസത്തിനിപ്പുറം വനിതാ ശിശുവികസന വകുപ്പ് കുറ്റക്കാർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിവരാവകാശ അപേക്ഷ പ്രകാരമുളള അപേക്ഷക്ക് അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ വർഷം നവംബർ 23 ന് ലഭിച്ചെന്നും നടപടി എടുക്കേണ്ടത് സർക്കാർ ആണെന്നുമായിരുന്നു വനിതാ ശിശുവികസന വകുപ്പിന് കീഴിലെ സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് ഏജൻസി നൽകിയ മറുപടി. അന്വേഷണ റിപ്പോർട്ടിൻറെ പകർപ്പ് വിവരാവകാശ നിയമപ്രകാരം നൽകിയിട്ടില്ല. രഹസ്യസ്വഭാവമെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. പൊലീസ് അന്വഷണവും അന്ന് തന്നെ നിലച്ചിരുന്നു. മന്ത്രി വീണാ ജോർജ് നേതൃത്വം നൽകുന്ന വകുപ്പും പതുക്കെ തടിയൂരുകയാണ്

