കോഴിക്കോട്: ആഘോഷങ്ങളോടോ ഔപചാരികതകളോടോ ഒരുകാലത്തും എംടി പ്രതിപത്തി പുലർത്തിയിട്ടില്ല. ജൂലൈ 15നാണ് എംടിയുടെ ജന്മദിനം. എംടി ഒരിക്കലും ജന്മദിനം ആഘോഷിക്കാറില്ല. എന്നാൽ ജന്മനക്ഷത്രമായ കർക്കടകമാസത്തിലെ ഉത്രട്ടാതി ദിനത്തിൽ അടുത്ത സുഹൃത്തുക്കളുമൊത്ത് സദ്യ ഉണ്ണാറുണ്ടായിരുന്നു. ജൂലൈ 19 നാണ് ഇത്തവണ ഉത്രട്ടാതി. പത്ത് കഥകൾ സിനിമയാക്കുന്നു എന്നതാണ് ഇക്കുറി പിറന്നാൾ വേളയിൽ എംടിയെ ഏറെ സന്തോഷിപ്പിക്കുന്നത്. എംടിയുടെ തിരക്കഥയിൽ 1969 ൽ പിഎൻ മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും സിനിമ 53 വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ ടീം റീമേക്ക് ചെയ്യുകയാണ്. മോഹൻലാലാണ് നായകൻ. ദുർഗാകൃഷ്ണ നായികയും. മൂലമറ്റത്താണ് ഷൂട്ടിംഗ് .
എംടി മുൻപ് പിറന്നാൾ വേളകളിൽ മൂകാംബികയിൽ ഒക്കെ പോകുമായിരുന്നു. കോവിഡിനു ശേഷം യാത്രകൾ ചുരുക്കി. ജന്മനാടായ കൂടല്ലൂരിലേക്ക് യാത്ര പോയിട്ട് മൂന്നുവർഷത്തോളമായി. വായന മുടങ്ങുന്നതിന്റെ അസ്വസ്ഥതയുണ്ട് എംടി ക്ക്. അടുത്തവർഷം നവതിയാണെന്ന് ആഹ്ലാദത്തോടെ ഓർമ്മപ്പെടുത്തുന്നവരോട് പതിവിൽ കവിഞ്ഞൊരു പ്രതികരണവും നടത്താറില്ല. ഇത്തവണയും കൊട്ടാരം റോഡിലെ സിത്താരയിൽ പ്രിയ കഥാകാരനുള്ള പിറന്നാൾ ആശംസകൾ എത്തുന്നുണ്ട്. എന്നാൽ ഒരു പിറന്നാളിന്റെ ഓർമ്മ എന്ന തന്റെ കഥയിലെ വരികളിലെ അതേ വികാരമാണ് എംടി ക്ക് എക്കാലവും. എംടിയുടെ പ്രസിദ്ധമായ ” ഒരു പിറന്നാളിന്റെ ഓർമ്മ ” എന്ന കഥയിൽ കുട്ടിക്കാലത്തെ തിക്താനുഭവം വിവരിക്കുന്നുണ്ട്. മരുമക്കത്തായം നിലനിന്ന അക്കാലത്ത് പിറന്നാളാഘോഷിക്കാൻ കൂടുതൽ നെല്ല് ചോദിച്ച അമ്മയുടെ മുഖത്ത് അമ്മാവൻ അടിച്ചതും, അമ്മ കരഞ്ഞുകൊണ്ട് പുറത്തുവരുന്നതും നൊമ്പരത്തോടെ മാത്രമേ വായിക്കാനാകൂ. പിന്നീടുള്ള പിറന്നാളുകളിൽ എല്ലാം കഥയിലെ കുട്ടിക്ക് ഒരാഗ്രഹം മാത്രം -തന്റെ പിറന്നാൾ ദിനം ആരും അറിയരുതേ – . കയ്പ്പേറിയ ഈ ഓർമ്മകളാവാം എംടിയെ പിറന്നാൾ ആഘോഷങ്ങളിൽ നിന്ന് പുറകോട്ട് വലിക്കുന്നത്. പിന്നീട് പണവും പ്രശസ്തിയും എല്ലാം നേടിയെങ്കിലും പിറന്നാളാഘോഷിക്കാൻ അദ്ദേഹത്തിന് മടിയായിരുന്നു. നവതിയിലേക്ക് കാലെടുത്തു വയ്ക്കുമ്പോഴും ഇതുതന്നെയാണ് അവസ്ഥ.
1933 ജൂലൈ 15ന് നിളയുടെ തീരമായ കൂടലൂരിലാണ് എം ടിയുടെ ജനനം. കോഴിക്കോട് നഗരമായിരുന്നു കർമ്മമേഖല. എന്നാൽ തന്നെ സാഹിത്യകാരനാക്കിയത് നിളയും, കൂടല്ലൂരുമാണെന്ന് അദ്ദേഹം പല സാഹിത്യ വേദികളിലും പറഞ്ഞിട്ടുണ്ട്. മലയാളത്തിൽ ആദ്യമായി ഔട്ട്ഡോറിൽ ചിത്രീകരിച്ച സിനിമയാണ് “ഓളവും തീരവും”. സന്തോഷ് ശിവനാണ് ക്യാമറ. നെറ്റ് ഫ്ളിക്സിനായി എംടിയുടെ 9 കഥകളാണ് ഒരുങ്ങുന്നത്.

