ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ 45 തോക്കുകളുമായി ഇന്ത്യന്‍ ദമ്പതികളെ അറസ്റ്റ് ചെയ്തു. ജഗ്ജിത് സിങ്, ജസ്വീന്ദര്‍ കൗര്‍ എന്നിവരെയാണ് 13/07/22 ബുധനാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയ തോക്കുകള്‍ യഥാര്‍ഥ തോക്കുകളാണോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ദേശീയ സുരക്ഷാ സേനയുടെ (എന്‍.എസ്.ജി) തീവ്രവാദ വിരുദ്ധ വിഭാഗം ഈ തോക്കുകള്‍ യഥാര്‍ഥ തോക്കുകളാണെന്ന് സ്ഥിരീകരിച്ചു. ഈ മാസം 10-ന് വിയറ്റ്നാമില്‍ നിന്ന് ഇന്ത്യയില്‍ മടങ്ങിയവരാണ് പിടിയിലായ ദമ്പതിമാര്‍. ജഗ്ജിത് സിങ്ങിന്റെ ട്രോളി ബാഗില്‍ ഒളിപ്പിച്ച തോക്കുകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇത് സഹോദരന്‍ മന്‍ജിത്ത് സിങ് നല്‍കിയതാണെന്നാണ് പറഞ്ഞത്. 22,50,000 രൂപ വിലമതിക്കുന്നതാണ് തോക്കുകള്‍. നേരത്തെ തുര്‍ക്കിയില്‍ നിന്ന് സമാനമായ രീതിയില്‍ 25 തോക്കുകള്‍ രാജ്യത്ത് എത്തിച്ചതായും ദമ്പതികള്‍ സമ്മതിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ഏജന്‍സികള്‍ ആരംഭിച്ചു.