ദുബായ്: ഓവല്‍ ഏകദിനത്തിലെ മാന്‍ ഓഫ് ദ് മാച്ച് പ്രകടനത്തിനുപിന്നാലെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ബൗളര്‍മാരുടെ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരേ 19 റണ്ണിന് ആറു വിക്കറ്റ് അക്കൗണ്ടിലെത്തിച്ച് ഏകദിനത്തിലെ തന്റെ ഏറ്റവും മികച്ച ബൗളിങ് കാഴ്ചവച്ചതോടെയാണു ബുംറ ഒന്നാം റാങ്കിലേക്ക് കുതിച്ചെത്തിയത്. മൂന്നു സ്ഥാനം മെച്ചപ്പെടുത്തിയാണ് ബുംറ ഒന്നാമതെത്തിയത്. ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബുംറ വീണ്ടും ആദ്യസ്ഥാനത്തെത്തിയത്. 712 പോയിന്റാണ് ട്രെന്റ് ബോള്‍ട്ടിനുള്ളത്. പാകിസ്താന്റെ ഷഹീന്‍ അഫ്രീദി 681 പോയിന്റുമായി മൂന്നാം സ്ഥാനത്തായി.
ഒരു സ്ഥാനം മെച്ചെപ്പെടുത്തി ഓസ്ട്രേലിയയുടെ ജോഷ് ഹെയ്സല്‍വുഡ് നാലാമതും അഫ്ഗാനിസ്ഥാന്റെ മുജീബുര്‍ റഹ്മാനും ബംഗ്ലാദേശിന്റെ മെഹ്ദി ഹസന്‍ മിറാസും യഥാക്രമം അഞ്ച്, ആറ് സ്ഥാനങ്ങളിലുമാണ്. ഇംഗ്ലണ്ടിന്റെ ക്രിസ് വോക്സ് നാലു സ്ഥാനം താഴേക്കിറങ്ങി ഏഴാം സ്ഥാനത്തേക്കുവീണു. കിവീസിന്റെ മാറ്റ് ഹെന്റി എട്ടാമതും അഫ്ഗാന്‍ താരങ്ങളായ മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ ഒന്‍പതും പത്തും സ്ഥാനം സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ മൂന്നു വിക്കറ്റ് നേടി തിളങ്ങിയ മുഹമ്മദ് ഷാമി മൂന്നു സ്ഥാനം മെച്ചപ്പെടുത്തി ഭുവനേശ്വര്‍ കുമാറിനൊപ്പം 23-ാം സ്ഥാനം പങ്കിട്ടു.
ഏകദിന ബാറ്റര്‍മാരില്‍ 892 പോയിന്റുമായി പാകിസ്താന്റെ ബാബര്‍ അസം ഒന്നാം സ്ഥാനം നിലനിര്‍ത്തി. സഹതാരം ഇമാം ഉള്‍ ഹഖാണു രണ്ടാം സ്ഥാനത്ത്; 815 പോയിന്റ്. നാലാം സ്ഥാനക്കാരനായ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മൂന്നാമതുള്ള മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായുള്ള അകലം ഒറ്റപ്പോയിന്റായി കുറച്ചു. കോഹ്ലിക്ക് 803, രോഹിതിന് 802 പോയിന്റുമാണുള്ളത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ക്വിന്റണ്‍ ഡി കോക്കും റാസി വാന്‍ഡര്‍ ദസനുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. ന്യൂസിലന്‍ഡിന്റെ റോസ് ടെയ്ലര്‍, ഇം ണ്ടിന്റെ ജോണി ബെയര്‍സ്റ്റോ, ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍, ആരണ്‍ ഫിഞ്ച് എന്നിവരാണ് എഴു മുതല്‍ 10 വരെ സ്ഥാനങ്ങളില്‍.

