ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റ് ജയം. കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി തിളങ്ങിയ പേസര്‍ ജസ്പ്രീത് ബുംറയും നായകന്‍ രോഹിത് ശര്‍മ (58 പന്തില്‍ അഞ്ച് സിക്സറും ഏഴ് ഫോറുമടക്കം 76), ശിഖര്‍ ധവാന്‍ (54 പന്തില്‍ നാല് ഫോറുകളടക്കം 31) എന്നിവരാണ് വിജയ ശില്‍പ്പികള്‍.ആദ്യം ബാറ്റ് ചെയ്ത ഇം ണ്ട് 110 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ 19-ാം ഓവറില്‍ വിജയ റണ്ണെടുത്തു. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിനു മുന്നിലായി. ബുംറ 7.2 ഓവറില്‍ മൂന്ന് മെയ്ഡിന്‍ അടക്കം 19 റണ്‍ വഴങ്ങി ആറു വിക്കറ്റെടുത്തു. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുമായി ബുംറയ്ക്കു പിന്തുണ നല്‍കി. പ്രസിദ്ധ കൃഷ്ണയാണ് ഒരു വിക്കറ്റെടുത്തത്. ഓവലിലെ ബാറ്റിങ്ങിനെ പിന്തുണയ്ക്കുമെന്നു പ്രതീക്ഷിച്ച പിച്ചില്‍ ഇം ണ്ടിന്റെ മൂന്ന് മുന്‍നിര ബാറ്റര്‍മാര്‍ പൂജ്യത്തിനു പുറത്തായി.
നായകനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്ട്ലറാണ് (32 പന്തില്‍ 30) ടോപ് സ്‌കോറര്‍. ഡേവിഡ് വിലി (26 പന്തില്‍ 21), ബ്രൈഡന്‍ കാഴ്സ് (15), മൊയീന്‍ അലി (18 പന്തില്‍ 14) എന്നിവരാണു രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഇന്ത്യ മുന്‍ നായകന്‍ വിരാട് കോഹ്ലിയെ ഒഴിവാക്കി ശ്രേയസ് അയ്യരെ കളിപ്പിച്ചിരുന്നു. ടോസ് നേടിയ രോഹിത് ശര്‍മ ഇം ണ്ടിനെ ബാറ്റിങ്ങിനു വിട്ടു. ഇന്ത്യയുടെ ന്യൂബോള്‍ ആക്രമണത്തില്‍ ലോക ചാമ്പ്യനായ ഇംഗ്ലണ്ട് ഞെട്ടി. ബുംറയും ഷമിയും നേതൃത്വം നല്‍കിയ പേസാക്രമണത്തിനു മുന്നില്‍ ഇംഗ്ലണ്ടിന്റെ മുന്‍നിരയ്ക്കു മറുപടിയില്ലായിരുന്നു. വെടിക്കെട്ട് ഓപ്പണര്‍ ജാസണ്‍ റോയ് നേരിട്ട അഞ്ചാമത്തെ ബോളില്‍ പുറത്തായി. ജോ റൂട്ട് രണ്ടാമത്തെ പന്തിലും പുറത്തായി. ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ഗോള്‍ഡന്‍ ഡെക്കായി. ഇം ണ്ടിന് ഏഴു റണ്ണെടുക്കുമ്പോഴേക്കും മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. റോയ്, റൂട്ട് എന്നിവരെ ബുംറ മടക്കിയപ്പോള്‍ സ്റ്റോക്സിന്റെ വിക്കറ്റ് ഷമിക്കായിരുന്നു. പിച്ചിലെ അസാധാരണ സ്വിങ് ബുംറ മുതലെടുത്തു. ബുംറയെറിഞ്ഞ രണ്ടാമത്തെ ഓവറിലാണ് വിക്കറ്റ് വീഴ്ച തുടങ്ങിയത്. ആദ്യത്തെ മൂന്നു പന്തിലും ജാസണ്‍ റോയിക്കു റണ്ണെടുക്കാനായില്ല.
നാലാമത്തെ പന്ത് ഓഫ് സ്റ്റമ്പിനു പുറത്ത് പിച്ച് ചെയ്തു. ജാസണ്‍ കാല്‍മുട്ടിലൂന്നി ഷോട്ടിനു ശ്രമിച്ചെങ്കിലും സൈഡ് എഡ്ജായ പന്ത് വിക്കറ്റ് തെറുപ്പിച്ചു. അഞ്ച് പന്തുകള്‍ നേരിട്ട ജാസണ്‍ അക്കൗണ്ട് തുറക്കാതെ മടങ്ങി. റൂട്ടാണ് തുടര്‍ന്ന് ക്രീസിലെത്തിയത്. നേരിട്ട രണ്ടാമത്തെ പന്തില്‍ റൂട്ട് പുറത്ത്. ഓഫ് സ്റ്റമ്പിന് പുറത്തേക്കു പോയ ഷോര്‍ട്ട് പിച്ചില്‍ ബാറ്റ് വച്ച റൂട്ടിനെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് പിടികൂടി. അടുത്തത് ഷമിയുടെ ഊഴമായിരുന്നു. നാലാമത്തെ പന്തില്‍ അപകടകാരിയായ ബെന്‍ സ്റ്റോക്സിനെ (20 പന്തില്‍ ഏഴ്) ഷമി വീഴ്ത്തി. ഷമിയുടെ ഔട്ട് സ്വിങ്ങറില്‍ ബാറ്റ് വച്ച സ്റ്റോക്സിനു പിഴച്ചു. ബാറ്റില്‍ ഉരസിയ പന്തിനെ ഋഷഭ് വലത്തേക്കു ഡൈവ് ചെയ്ത് പിടിയിലൊതുക്കി. ഏകദിനത്തില്‍ രണ്ടാം തവണ മാത്രമാണ് ഇംഗ്ലണ്ടിന്റെ ആദ്യ മൂന്നു ബാറ്റര്‍മാരും പൂജ്യത്തിനു പുറത്താകുന്നത്. 2018 ല്‍ ഓസ്ട്രേലിയ്ക്കെതിരേ അഡ്ലെയ്ഡിലാണ് ഇം ണ്ട് സമാന തിരിച്ചടി ആദ്യമായി നേരിട്ടത്. ജാസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട് എന്നിവരായിരുന്നു അന്നത്തെ ഡെക്കുകാര്‍. ഇത്തവണ ബെയര്‍സ്റ്റോയ്ക്കു പകരം സ്റ്റോക്സ് വന്നു. ലിയാം ലിവിങ്സ്റ്റണും റണ്ണെടുക്കാതെ മടങ്ങി. ലിവിങ്സ്റ്റണിനെ ബുംറ ബൗള്‍ഡാക്കി. അതോടെ ഇംഗ്ലണ്ട് അഞ്ചിന് 26 റണ്ണെന്ന നിലയിലായി. മൊയീന്‍ അലിയും ബട്ട്ലറും ചേര്‍ന്ന രക്ഷാപ്രവര്‍ത്തനം സ്‌കോര്‍ 50 ലെത്തിച്ചു. അലിയെ പ്രസിദ്ധ കൃഷ്ണ സ്വന്തം ബൗളിങ്ങില്‍ പിടികൂടി. പിന്നാലെ ബട്ട്ലറിനെ മുഹമ്മദ് ഷമി സൂര്യകുമാര്‍ യാദവിന്റെ കൈയിലെത്തിച്ചു. കാഴ്സും വിലിയും ചേര്‍ന്നാണ് ഇംഗ്ലീഷ് സ്‌കോര്‍ 100 കടത്തിയത്. ഇരുവരെയും ബുംറയാണു പുറത്താക്കിയത്.
മികച്ച ബൗളിങ് പുറത്തെടുത്ത ജസ്പ്രീത് ബുംറയാണു മത്സരത്തിലെ താരം. രണ്ടാം ഏകദിനം 14/07/22 വ്യാഴാഴ്ച ലോഡ്സില്‍ നടക്കും. ഇന്ത്യയുടെ മറ്റൊരു പേസര്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോഡാണ് ജസ്പ്രീത് ബുംറയെ തേടിയെത്തിയത്. ഇംഗ്ലണ്ടില്‍ നടന്ന ഒരു ഏകദിനത്തില്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തിയ ആദ്യ ഇന്ത്യന്‍ പേസറാണ് ബുംറ. ബുംറയുടെ ഏകദിന കരിയറിലെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ് മത്സരത്തില്‍ പിറന്നത്. നേരത്തേ ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ഒരു ബൗളര്‍ മാത്രമേ ഏകദിന ക്രിക്കറ്റില്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തിയുള്ളൂ. ഇടംകൈയന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ആദ്യമായി ഇവിടെ ഈ നേട്ടം കൈവരിച്ചത്. 2018 ലെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു കുല്‍ദീപ് ചരിത്രം കുറിച്ചത്. ഏകദിന ചരിത്രത്തിലെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനം കൂടിയാണ് ബുംറയുടേത്. മുന്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയാണ് ഏറ്റവും മുന്നില്‍. നാലു റണ്‍ മാത്രം വഴങ്ങി ആറു പേരെ ബിന്നി പുറത്താക്കിയതാണ് എക്കാലത്തെയും മികച്ച പ്രകടനം. രണ്ടാം സ്ഥാനത്തു സ്പിന്‍ ഇതിഹാസവും മുന്‍ നായകനുമായ അനില്‍ കുംബ്ലെയാണ്. 12 റണ്ണിന് ആറു വിക്കറ്റുകളാണ് കുംബ്ലെ വീഴ്ത്തിയത്. ആശിഷ് നെഹ്‌റ (23 റണ്ണിന് ആറ് വിക്കറ്റ്), കുല്‍ദീപ് യാദവ് (25 റണ്ണിന് ആറ് വിക്കറ്റ്) എന്നിവരാണു പിന്നില്‍.