തൃശ്ശൂർ: തൊഴിലവസരങ്ങളുണ്ടാക്കാനുള്ള പ്രയത്‌നങ്ങളില്‍ കേവലം പ്രചരണപരിപാടികള്‍ക്കപ്പുറം ക്രിയാത്മകമായ ഇടപെടലുകള്‍ വേണമെന്ന് രാഷ്ട്രീയ സ്വയം സേവക സംഘം സംസ്ഥാന കാര്യവാഹ് പി.എന്‍. ഈശ്വരന്‍ അഭിപ്രായപ്പെട്ടു. സ്വാവലംബി ഭാരത് അഭിയാന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ പാറമേക്കാവ് പുഷ്പാഞ്ജലി ഹാളില്‍ 11/07/22 തിങ്കളാഴ്ച നടന്ന സംരംഭകത്വ പരിശീലന ശില്പശാലയുടെ സമാപനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ച്ചയായും ഇത്തരം പ്രചരണപരിപാടികള്‍ പ്രയോജനപ്രദമാണ്. എന്നാല്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ശാസ്ത്ര-സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ പ്രചരണങ്ങള്‍ക്കൊപ്പം ക്രിയാത്മകമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ വേണം. ഉല്പാദന വിപണനരംഗത്ത് സംരംഭകര്‍ക്കൊപ്പം നില്‍ക്കാന്‍ കെല്പുള്ള ഒരു സംവിധാനം ഇതിനാവശ്യമാണ്. തൃശൂര്‍ ആസ്ഥാനമായി ഇത്തരം ഒരു കേന്ദ്രത്തെപറ്റി ചിന്തിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഉദ്‌ബോധിപ്പിച്ചു.

ശില്പശാല രാവിലെ 10 മണിക്ക് കോലഴി തെര്‍മ്മിസ്റ്റേഴ്‌സ് ആന്റ് ഹൈബ്രിഡ്
പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ. എം.എം. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇരിഞ്ഞാലക്കുട വജ്ര റബ്ബര്‍പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ജ്യോതീന്ദ്രനാഥ്
അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എം.ഇ അസ്സി. ഡയറക്ടര്‍ സുരേഷ് ബാബു, തൃശൂര്‍ കോര്‍പ്പറേഷന്‍ വ്യവസായ വികസന ഓഫീസര്‍ കെ. ബിനു, കനറാ ബാങ്ക് സാമ്പത്തിക ഉപദേഷ്ടാവ് ടി.വി. അശോക് കുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു. സ്വാവലംബി ഭാരത് അഭിയാന്‍ സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് കെ. ഭാഗ്യനാഥന്‍ ആമുഖ പ്രഭാഷണം നടത്തി. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ ശില്പശാലയില്‍ സന്നിഹിതരായിരുന്നു.

