പാലക്കാട് : പാലക്കാട് പോക്സോ കേസ് അതിജീവിതയെ കാണാതായ സംഭവത്തിൽ പ്രതിക്കും, കുട്ടിയുടെ അമ്മയ്ക്കും എതിരെ കുട്ടിയുടെ സംരക്ഷണ ചുമതലയുള്ള മുത്തശ്ശിയും, മാതൃ സഹോദരിയും രംഗത്ത്. അമ്മയുടെ സാന്നിധ്യത്തിലാണ് മൊഴിമാറ്റാൻകുട്ടിയെ ബലംപ്രയോഗിച്ചു കൊണ്ടുപോയതെന്നും നേരത്തെയും സമാന ശ്രമങ്ങൾ ഉണ്ടായെന്നും മുത്തശ്ശി മാധ്യമങ്ങളോട് പറഞ്ഞു. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. കുട്ടിയെ പ്രതിയടങ്ങുന്ന സംഘം 10/07/22 ഞായറാഴ്ച വൈകിട്ടാണ് തട്ടിക്കൊണ്ടുപോയത്.
2022 ജൂലൈ 16ന് കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ മൊഴിമാറ്റാൻ ആണ് പെൺകുട്ടിയെ പ്രതിയുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയത് എന്നാണ് മുത്തശ്ശിയും മാതൃ സഹോദരിയും പറയുന്നത്. ഇതേ ദിവസം വീട്ടിൽ ഉണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെ എല്ലാവരെയും മർദ്ദിച്ചാണ് സംഘം അതിജീവിതയെ കടത്തിക്കൊണ്ടുപോയത്.
കുട്ടി അമ്മയ്ക്കൊപ്പം ഉണ്ടെന്നാണ് കരുതുന്നതെന്നും മൊഴി മാറ്റുക മാത്രമാണ് പ്രതിയുടെ ലക്ഷ്യം എന്ന് മുത്തശ്ശി പറയുന്നു നേരത്തേയും സമാനരീതിയിലുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. കുട്ടിയെ ഉപദ്രവിക്കുമോ എന്ന് ആശങ്കയുണ്ടെന്നും മുത്തശ്ശി പറഞ്ഞു. പാലക്കാട് ടൗൺ സൗത്ത് സിഐ സിജു എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നമ്പർ പ്ലേറ്റ് തുണികൊണ്ട് മറച്ച കാറിൽ എത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും, കുട്ടിയുടെ രക്ഷിതാക്കളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും അന്വേഷണസംഘം പറയുന്നു.

