ഭോപ്പാൽ: മധ്യപ്രദേശിലെ മുരേനയിൽ നിന്ന് ഒരു പ്രാദേശികലേഖകൻ കരളലിയിക്കുന്ന ഒരു ചിത്രം പകർത്തി. വൃത്തിഹീനമായ പാതയോരത്ത് പൊട്ടിപ്പൊളിഞ്ഞ ചുമരും ചാരി അമ്പരന്നിരിക്കുന്ന എട്ട് വയസുകാരൻ, അവന്റെ മടിയിൽ തല വെച്ച് മണ്ണിൽ കിടത്തിയിരിക്കുകയാണ് വെള്ളത്തുണി പുതപ്പിച്ച ഒരുകുഞ്ഞുശരീരം. തുണിക്കുള്ളിൽ നിന്ന് നിശ്ചലമായ ഒരു കൈ പുറത്തേക്ക് നീണ്ടുകിടപ്പുണ്ട്. കുഞ്ഞനിയന്റെ ജീവനറ്റ ശരീരത്തിൽ ഇരുകൈകളും വെച്ചിരിക്കുകയാണ് ആ എട്ട് വയസുകാരൻ. നിസ്സഹായതയുടെ, ദയനീയതയുടെ നേർക്കാഴ്ച!
എട്ടുവയസ്സുകാരനായ ഗുൽഷന്റേയും അച്ഛൻ പൂജാറാമിന്റേയും ഒരു വാഹനത്തിനായുള്ള കാത്തിരിപ്പാണത്. രണ്ട് വയസുകാരൻ രാജയുടെ മൃതശരീരം നാട്ടിലെത്തിക്കാൻ. അംബയിലെ ബദ്ഫ്ര ഗ്രാമത്തിലാണ് ഈ കുടുംബത്തിന്റെ വീട്. അവിടത്തെ പ്രാദേശിക ചികിത്സാകേന്ദ്രത്തിൽ നിന്നാണ് മുരേനയിലെ ജില്ലാ ആശുപത്രിയിലേക്ക് രാജയെ കൊണ്ടുവന്നത്. അവനെ കൊണ്ടുവന്ന ആംബുലൻസ് ഗ്രാമത്തിലേക്ക് മടങ്ങിപ്പോയിരുന്നു.
അമിതവിളർച്ചയായിരുന്നു രാജയ്ക്ക്. അതിന്റെ ഭാഗമായി വയറിൽ വെള്ളം കെട്ടി, വയർ വീർത്തുവന്നു. കരൾരോഗമുണ്ടാകുമ്പോഴാണ് സാധാരണയായി ഈ അവസ്ഥയുണ്ടാകുന്നത്. ചികിത്സക്കിടെ രാജ മരിച്ചു. മകന്റെ ചികിത്സയ്ക്ക് പോലും ആവശ്യത്തിന് പണം കണ്ടെത്താനാകാതിരുന്ന പൂജാറാം ആശുപത്രിയിലെ ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാരോട് മകന്റെ ശരീരം മുപ്പത് കിലോമീറ്റർ അകലെയുള്ള നാട്ടിലെത്തിക്കാനുള്ള വാഹനം തേടി യാചിച്ചു. ആശുപത്രിയിൽ വാഹനം ലഭ്യമായിരുന്നില്ല. സ്വകാര്യവാഹനത്തിന് നൽകാൻ ആ പാവപ്പെട്ട മനുഷ്യന്റെ കയ്യിൽ പണമുണ്ടായിരുന്നില്ല. ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തിരുന്ന ആംബുലൻസിന്റെ ഡ്രൈവർ 1,500 രൂപയാണ് പൂജാറാമിനോട് ആവശ്യപ്പെട്ടത്. അത് നൽകാൻ പൂജാറാമിന് കഴിയുമായിരുന്നില്ല. രാജയുടെ മൃതദേഹവുമായി ഗുൽഷനോടൊപ്പം പൂജാറാം ആശുപത്രിയിക്ക് പുറത്തിറങ്ങി.
നെഹ്റു പാർക്കിന് മുന്നിലുള്ള സ്ഥലത്ത് ഗുൽഷനെ ഇരുത്തി ഒരു വാഹനം തേടി പൂജാറാം നടന്നു. അച്ഛൻ മടങ്ങിയെത്തുന്നതും കാത്ത് ഗുൽഷൻ അവിടെയിരുന്നു. അനുജന്റെ മൃതദേഹത്തിൽ വന്നിരിക്കുന്ന ഈച്ചകളെ അകറ്റി, കവിളിലൂടെ ഇടയ്ക്ക് ഒലിച്ചിറങ്ങുന്ന കണ്ണീർത്തുള്ളികൾ തുടച്ചുള്ള അവന്റെ ഇരിപ്പ് കണ്ട് നാട്ടുകാർ ചുറ്റും കൂടി. അവർ അധികൃതരെ വിവരമറിയിച്ചു.
ഒടുവിൽ പോലീസ് ഉദ്യോഗസ്ഥനായ യോഗേന്ദ്ര സിങ് രാജയുടെ മൃതദേഹം ചുമന്ന് ഗുൽഷനേയും കൂട്ടി ആശുപത്രിയിലേക്ക് മടങ്ങി. അവിടെ നിന്ന് അദ്ദേഹം പൂജാറാമിനും ഗുൽഷനും രാജയുടെ മൃതദേഹവുമായി മടങ്ങാനുള്ള ആംബുലൻസ് ഏർപ്പാടാക്കി നൽകി

