തിരുവനന്തപുരം: ആഴിമലയിൽ പെൺസുഹൃത്തിനെ കാണാൻ വന്ന മൊട്ടമൂട് സ്വദേശി കിരണിന്റെ തിരോധനത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടികൊണ്ടുപോയതിന് ശേഷമാണ് കിരണിനെ കാണാതായതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. സംഭവത്തിന് ശേഷം കടലിൽ ഒരു യുവാവ് വീണുവെന്ന വിവരത്തെ തുടർന്ന് പൊലീസ് തെരച്ചിൽ തുടങ്ങി. യുവാവിനെ തട്ടികൊണ്ടുപോയ പെൺകുട്ടിയുടെ ബന്ധുക്കൾ ഒളിവിലാണ്.
ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട വിഴിഞ്ഞം ആഴിമലയിലെ പെൺകുട്ടിയെ കാണാനാണ് ജൂലൈ 9 ന് ഉച്ചയോടെ കിരൺ മറ്റ് രണ്ടു സുഹൃത്തുക്കളും എത്തിയത്. പെൺകുട്ടിയുടെ വീടിന് മുന്നിൽ പോയ ശേഷം മടങ്ങി പോകുന്നതിനിടെ ബൈക്കിലും കാറിലുമായെത്തിയ പെൺകുട്ടിയുടെ ബന്ധുക്കൾ വാഹനത്തിലേക്ക് പിടിച്ചു കയറ്റിയതായി ഒപ്പമുണ്ടായിരുന്നവർ പറയുന്നു. കിരണുമായി ബൈക്ക് ആഴിമല ഭാഗത്തേക്കാണ് പോയത്. കാർ ആഴിമലയിലെത്തിയപ്പോൾ കിരൺ ഉണ്ടായിരുന്നില്ല. ബൈക്കിൽ നിന്നും ഇറങ്ങിയോടിയെന്നാണ് പെൺകുട്ടിയുടെ ബന്ധു പറഞ്ഞതായി കിരണിനൊപ്പമുണ്ടായിരുന്ന മെൽവിൻ പറയുന്നു.കിരണിന്റെ ഫോണിലേക്ക് വിളിച്ചുവെങ്കിലും കിട്ടിയില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു.
രാത്രിയിൽ കിരണിനെ കാണാതായെന്ന പരാതി ബന്ധുക്കൾ പൊലീസിന് നൽകി. തുടർന്നുള്ള പരിശോധനയിലാണ് സുഹൃത്തുക്കൾ വിവരങ്ങൾ പറയുന്നത്. കടലിൽ നിന്നും ലഭിച്ച ചെരുപ്പ് കിരണിന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കിരണിനെയും സുഹൃത്തുക്കളെ വാഹനത്തിൽ കയറ്റികൊണ്ടുപോയതവർ ഒളിവിലാണ്. വാഹനങ്ങൾ വിഴിഞ്ഞം പൊലീസ് കണ്ടെത്തിയിട്ടുണ്ട് ഉച്ചക്കുശേഷം ഒരാൾ കടലിൽ വീണുവെന്ന വിവരം ലഭിച്ച വിഴിഞ്ഞം പൊലീസ് കോസ്റ്റ് ഗഡിന്റെ സഹായത്തോടെ തെരച്ചിൽ നടത്തിയിരുന്നു

