ഉഷയും രാജ്യസഭാസീറ്റും മുൻപും ഇവിടെ ഉണ്ടായിരുന്നല്ലോ! ഇപ്പോൾ എന്തിന് ശോഭ കെടുത്തുന്ന ചെളിയേറ്?

പി. ടി. ഉഷക്ക് രാജ്യസഭാഗത്വം വൈകി വന്ന വസന്തം.

ഇന്ത്യൻ എക്സ്പ്രസ് രാജ്യസഭയിൽ. പി ടി ഉഷക്ക്‌ രാജ്യസഭാംഗത്വം വൈകിവന്ന വസന്തമാണ്. ഒരു ദശകം മുൻപ് സച്ചിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തപ്പോൾ ഉഷയെ അവഗണിച്ചത് ഒരു ചർച്ചപോലും ആയില്ല. ഇന്നും എന്നും സ്പോർട്സ് എന്നു പറഞ്ഞാൽ ഇവിടെ ക്രിക്കറ്റാണ്. ലോകത്തെ 197-രാജ്യങ്ങളിൽ 12-രാജ്യങ്ങൾ മാത്രം കളിക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾക്കും കളിക്കാർക്കും കൊടുക്കന്ന അമിത പ്രോത്സാഹനം പുനഃരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വേൾഡ് മീറ്റും, ഒളിമ്പിക്സും ജയിച്ചുവരുന്നവർക്ക് അർഹിക്കുന്ന പ്രാധാന്യം കായിക മന്ത്രാലയം നൽകാറില്ല.

രാജ്യസഭ ഉന്നതമായ ജനാധിപത്യ സങ്കൽപത്തിന്റെ സൃഷ്ടിയാണ്. പാർട്ടി അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് മത്സരങ്ങൾ. പാർട്ടി പ്രവർത്തനം തൊഴിയും ജീവിതവുമാക്കിയവരാണ് അവിടെ മത്സരിക്കാൻ എത്തുക. അവർക്ക് ചാൻസ് തീരെ ഇല്ലാത്ത ഇടങ്ങളിൽ മാത്രാണ് സ്വതന്ത്രരെയും എതിർപക്ഷ വിമതരെയും മറ്റും പരിഗണിക്കാറുള്ളൂ. പാർട്ടികളുടെ ഉറച്ച സീറ്റിൽ പാർട്ടി നേതാവല്ലാതെ ദൈവംതമ്പുരാനു പോലും സീറ്റ് കൊടുത്ത ചരിത്രമില്ല.

എന്നാൽ പാർട്ടികളും പാർട്ടി നേതാക്കളും മാത്രമല്ല, ഇന്ത്യ. അധികാരരാഷ്ട്രീയം തൊഴിലാക്കിയവർ രാജ്യത്തെ കയ്യടക്കുന്നതിലെ ജനാധിപത്യഅപകടം ഭരണഘടനാ ശില്പികൾ തിരിച്ചറിഞ്ഞിരുന്നു. ശാസ്ത്രം, കല, ചിന്ത, സംസ്കാരം, സ്പോർട്സ് തുടങ്ങി സമൂഹവികാസത്തിന് ആവശ്യമായ രംഗങ്ങളിൽ ജീവിതകാലം മുഴുവൻ പ്രവർത്തിച്ച് നേട്ടങ്ങൾ നൽകിയവരും രാഷ്ട്രീയക്കാരെ പോലെത്തന്നെ പ്രാധാന്യമുള്ളവരാണ്. അത്തരം ആളുകളെ ജനപ്രതിനിധി സഭകൾ നാമനിർദ്ദേശം ചെയ്ത് രൂപീകരിക്കുന്നതാണ് രാജ്യസഭ. പി ടി ഉഷ അത്തരത്തിൽ നാമനിർദ്ദേശം ചെയ്യപ്പെടാൻ അർഹയാണ്. ഏത് പാർട്ടിക്കും അതിന് മുൻകൈ എടുക്കാമായിരുന്നു. ബി ജെ പി ഒരു വലിയ പാർട്ടിയായി വളരുന്നതിനും വളരെ മുമ്പു തന്നെ പി ടി ഉഷ നേട്ടങ്ങൾ കൈവരിച്ചിരുന്നു. ഏതു പാർട്ടിക്കും അന്നും ഇന്നും ഉഷയെ രാജ്യസഭയിലേക്ക് അയക്കാമായിരുന്നു. ബി ജെ പി അയച്ചാലെ പോകുകയുള്ളൂ എന്ന് ഉഷ ശാഠ്യം പിടിക്കാനും സാധ്യതയുണ്ടായിരുന്നില്ല. മലയാളി എന്ന പ്രത്യേക പരിഗണന കൊടുത്തിരുന്നുവെങ്കിൽ കേരളത്തിലെ പ്രധാന രാഷ്ട്രീയ കക്ഷികളായ കോൺഗ്രസിനോ, സി പി എമ്മിനോ എന്തിന് കേരളകോൺഗ്രസിനു പോലുമോ ഉഷയെ പണ്ടേ പരിഗണിക്കാമായിരുന്നു. കേരളത്തിൽ ഒറ്റ എം പി-യോ എം എൽ എ -യോ ഇല്ലാത്ത ഒരു പാർട്ടി ഉഷയെ രാജ്യസഭയിലേക്ക് കൊണ്ടുവരുമ്പോൾ ആക്ഷേപിക്കുന്നത് എന്തിന്? ഒരു തരം ചെളിവാരിയേറ്. അതുകൊണ്ട് എന്തു ഗുണം?

കോച്ച് നമ്പ്യാർക്ക്‌ പിഴവ് പറ്റി. 800മീറ്ററിൽ പരിശീലനം നൽകിയിരുന്നുവെങ്കിൽ ഒളിമ്പിക്സ് മെഡൽ ഉറപ്പായിരുന്നു.

1982-മുതലാണ് പി. ടി. ഉഷ അന്തർദേശിയ കായിക രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. 100,200,400 മീറ്ററുകളിൽ ഏഷ്യൻ കായിക മേളകളിൽ സുവർണ കുതിപ്പ് നടത്തിയ ഉഷയുടെ വേഗതയും എൻഡ്യൂറൻസും കണ്ട കോച്ച് നമ്പ്യാർ 400-ഹർഡിൽസിൽ ഒളിമ്പിക്സ് മെഡൽ സാധ്യത എന്നു തിരിച്ചറിയുകയും അതിലേക്ക് അവരുടെ പരിശീലനം ക്രമപ്പെടുത്തുകയും ചെയ്തു.

1984 ലോസ്ആഞ്ജലിസ് ഒളിമ്പിക്സിൽ പി. ടി. ഉഷ

1984 ലോസ്ആഞ്ജലിസ് ഒളിമ്പിക്സിലെ പി. ടി. ഉഷയുടെ മെഡൽ നഷ്ടം ഇന്ത്യൻ കായിക രംഗത്തിന്റെയാകെ നൊമ്പരമായി മാറി. 400 മീറ്റർ ഹർഡിസിൽ ഹീറ്റസിൽ 56.81 സെക്കൻഡിലും സെമിയിൽ 55.54 സെക്കൻഡിലും ഓടിയെത്തി ഫൈനലിൽ പ്രവേശിച്ചു. ഫൈനലിൽ 55.42 സെക്കൻഡിൽ ഓടിയെത്തിയ ഉഷ ഫോട്ടോ ഫിനിഷിങ്ങിൽ നാലാമതായി. സെക്കൻഡിന്റെ നൂറിലൊരംശത്തിന് ഉഷക്ക് വെങ്കല മെഡൽ നഷ്ടം ഇന്ത്യൻ കായിക വേദിയുടെ വേദനയായി.

ഹാർഡിസിലേക്ക് മാറ്റിയ നമ്പ്യാരുടെ പരീക്ഷണം ശരിയായില്ല എന്നാണ് എനിക്കു തോന്നുന്നത്. ഉഷയുടെ ശരീരഘടന വെച്ച് അവർക്ക് അനുയോജ്യമായ ഇവന്റ് 800 മീറ്ററായിരുന്നു. ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ ഉറപ്പായിരുന്നു.

കായിക രംഗത്ത് സജീവമായിരുന്ന കാലത്ത് ഉഷക്ക് രാജ്യസഭ സീറ്റ് നൽകിയിരുന്നുവെങ്കിൽ കൂടുതൽ പ്രവർത്തനക്ഷമമാകുവാൻ അവർക്ക് കഴിയുമായിരുന്നു. ഇപ്പോൾ വാർദ്ധക്യമായി. 80-കളിൽ ഇന്ത്യൻ പ്രധാനമന്ത്രിമാരെക്കാൾ ലോകരാജ്യങ്ങളിൽ അറിയപ്പെട്ടിരുന്നത് പി. ടി. ഉഷയായിരുന്നു. പി. ടി. ഉഷ, ഇന്ത്യ എന്ന മേൽവിലാസത്തിൽ ഒരു കത്ത് അയച്ചാൽ കൃത്യമായി ഉഷയുടെ വീട്ടിൽ കത്ത് എത്തുമായിരുന്നു.

ഉഷ ഓട്ടത്തിലാണ്.

ഉഷ ഓട്ടത്തിലാണ് ശിഷ്യരുടെ കൂടെ. കോഴിക്കോട് കിനാലൂരിൽ വനിതാ കായിക താരങ്ങൾക്കായി ഉഷ സ്കൂൾ ഓഫ് സ്പോർട്സ് എല്ലാവർഷവും ട്രയൽസ് നടത്തി കായിക ക്ഷമതയുള്ള താരങ്ങളെ കണ്ടെത്തി ശാസ്ത്രിയമായ പരിശീലനം നൽകുന്നു. തനിക്ക് കിട്ടാതെ പോയ മെഡൽ തന്റെ ശിഷ്യകളിലൂടെ നേടി ഭാരതത്തിന് നൽകണം എന്ന വാശിയോടെ ഇന്ത്യൻ എക്സ്പ്രസ് ഓട്ടത്തിലാണ്.

അത് ഉഷയോട് കാണിക്കുന്ന നീതികേടായിരിക്കും.

ഉഷയുടെ രാജ്യസഭസീറ്റിനു പിന്നിലെ രാഷ്ട്രീയം സ്കാൻ ചെയ്തുകൊണ്ട് മുൻമന്ത്രിയും രാജ്യസഭ എം. പി. യുമായ നേതാവ് ഇപ്പോൾ വന്നിട്ടുണ്ട്. അദ്ദേഹത്തെ ഒരു കാര്യം ഓർമിപ്പിക്കുന്നു. നിങ്ങൾ പിന്തുണ നൽകിയ അഞ്ചു മന്ത്രിസഭ കേന്ദ്രത്തിൽ ഉണ്ടായിരുന്നു. എന്തേ ഉഷയെ നിങ്ങൾ ശുപാർശ ചെയ്തില്ല. അധിക്ഷേപിക്കരുത്. അഭിമാനിക്കണം. പ്രത്യകിച്ച് കേരളത്തിന് കിട്ടിയ അംഗികാരമായി പി. ടി. ഉഷയുടെ എം. പി. സ്ഥാനത്തെ കാണാനുള്ള വിശാലത ഒരു സമുന്നതനായ രാഷ്ട്രീയ നേതാവിന് ഉണ്ടാകണം.

ഇളയരാജ ജീവിത സായാഹ്നത്തിൽ ആദരിക്കപ്പെട്ടു.

ഉഷയോടൊപ്പം രാജ്യസഭയിലേക്ക് കടന്നു ചെല്ലുന്ന ഇശൈജ്ജാനി ഇളയരാജ.

ഉഷയോടൊപ്പം രാജ്യസഭയിലേക്ക് കടന്നു ചെല്ലുന്ന തമിഴ് നാട് കമ്പം സ്വദേശിയാണ് ഇശൈജ്ജാനി ഇളയരാജ. ഒരു കാലത്ത് ഇടുക്കി ജില്ലയിലെ തമിഴ് മലയോര മേഖലകളിൽ പുരോഗമന പാർട്ടിയുടെ സമ്മേളനങ്ങളിൽ ആളെക്കൂട്ടാൻ അദ്ദേഹത്തിന്റെ സാന്നിധ്യം അനിവാര്യമായിരുന്നു. പാർട്ടി നേതാക്കളുടെ തിരക്കിൽപ്പെട്ട് വീണുപോയ എത്ര എത്ര പ്രഗത്ഭർ.

Share