മുംബൈ: ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. രാജ്യാന്തര വിപണിയില്‍ രണ്ടാം ദിനവും ക്രൂഡ് ഓയിലിന്റെ വിലയിടിഞ്ഞതും വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികളും നേട്ടത്തിന് അനുകൂലമായി. നിഫ്റ്റി 143.10 പോയിന്റ് ഉയര്‍ന്ന് 16,132.90ലും സെന്‍സെക്സ് 427.49 പോയിന്റ് ഉയര്‍ന്ന് 54,178.46ലുമാണ് നേട്ടത്തിലെത്തിയത്. നിഫ്റ്റി 0.89 ശതമാനവും, സെന്‍സെക്സ് 0.80 ശതമാനവുമാണ് വര്‍ധിച്ചത്.
ബാങ്ക് നിഫ്റ്റി 596.05 പോയിന്റുകള്‍ ഉയര്‍ന്ന് നിഫ്റ്റിക്ക് മികച്ച പിന്തുണ നല്‍കി. 1.74 ശതമാനമാണ് ബാങ്ക് നിഫ്റ്റി ഉയര്‍ച്ച നേടിയത്. യു.എസ്, യൂറോപ്പ്, ഏഷ്യന്‍ വിപണികളിലെ എല്ലാ സൂചികകളും ഉയര്‍ന്നു. നിഫ്റ്റി സൂചികയില്‍ 38 ഓഹരികള്‍ മുന്നേറിയും 12 എണ്ണം നഷ്ടത്തിലും വ്യാപാരം നിര്‍ത്തി. ഹിന്‍ഡാല്‍കോ 6.88 ശതമാനം, ടൈറ്റന്‍ കമ്പനി 5.78 ശതമാനം, ടാറ്റാ സ്റ്റീല്‍ 5.63 ശതമാനം, ജെ.എസ്.ഡബ്ല്യൂ. സ്റ്റീല്‍ 3.96 ശതമാനം, ടാറ്റാ മോട്ടോര്‍സ് 3.70 ശതമാനം, എല്‍ ആന്‍ഡ് ടി 3.55 ശതമാനം എന്നിങ്ങനെ ലാഭത്തിലെത്തി. ഡോ. റെഡ്ഡീസ് 1.25 ശതമാനം, നെസ്ലെ ഇന്ത്യ 1.13 ശതമാനം, സിപ്ല 1.12 ശതമാനം, ഭാരതി എയര്‍ടെല്‍ 0.99 ശതമാനം, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ 0.90 ശതമാനം, ബജാജ് ഫൈനാന്‍സ് 0.87 ശതമാനം എന്നിങ്ങനെയും നഷ്ടം നേരിട്ടു.

