തൊഴിലില്ലായ്മ എന്ന പ്രശ്നത്തിന് പരിഹാരമായി സംരംഭകരെ ഉത്തേജിപ്പിക്കുന്നതിനായി തൃശ്ശൂർ ജില്ല ഏകദിന ശില്പശാല

തൃശൂർ: സ്വാവലംബി ഭാരത് അഭിയാൻ 2022 ജൂലൈ 11 തിങ്കളാഴ്ച തൃശൂർ പാറമേക്കാവ് പുഷ്പാഞ്ജലി ഹാളിൽ വച്ച് ഒരു ഏകദിന ശില്പശാല നടത്തുവാൻ തീരുമാനിച്ചു. ഈ വർഷത്തെ ഉദ്യമീ ദേശീയ പുരസ്കാര ജേതാവായ എം.എം ജയകുമാർ ശില്പശാല ഉദ്ഘാടനം ചെയ്യും. ഇരിഞ്ഞാലക്കുട റബ്ബർ പ്രോഡക്ട് ഡയറക്ടർ ശ്രീ ജ്യോതീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തിൽ ബാലഗോപാലൻ ടി.സി, ഭാഗ്യനാഥ് കെ, ജയപ്രകാശ് കെ.കെ, വിജയൻ കെ.എൻ, സുഭദ്ര ശൂലപാണി എന്നിവർ പങ്കെടുത്തു.

ലോകത്തിന്റെ സാമ്പത്തിക രാഷ്ട്രീയ ക്രമങ്ങളെയെല്ലാം മാറ്റിമറിച്ച കോവിഡ് മഹാമാരിയെ അഭൂതപൂര്‍വ്വമായ ഐക്യത്തോടെ ഭാരതജനത നേരിടുകയും അതില്‍ ലോക രാഷ്ട്രങ്ങളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തുവല്ലോ. ആ പ്രതിസന്ധിഘട്ടത്തെ വിദഗ്ധമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ആഗോളവല്ക്കരണ സാമ്പത്തികവ്യവസ്ഥിതിയില്‍ നിന്നുകൊണ്ടു തന്നെ ”ആത്മനിര്‍ഭരഭാരതം” എന്ന ആശയത്തെ മുന്നോട്ടുവെയ്ക്കാനും അതിനെ ലോകരാഷ്ട്രങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാനും കഴിഞ്ഞു. എന്നാല്‍ ഇപ്രകാരം ഒരു ആഗോള ശക്തിയായി ഭാരതം വളര്‍ന്നുവരുമ്പോള്‍ നേരിടേണ്ടിവരുന്ന പ്രശന്ങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാണ്. ലോകത്തിലെ വന്‍ശക്തികളോട് മത്സരിച്ചുകൊണ്ടും അതോടൊപ്പം ദുര്‍ബലരായ രാഷ്ട്രങ്ങളെ സഹായിച്ചുകൊണ്ടും ആഗോളരാഷ്ട്രീയത്തെ സ്വാധീനിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം ഒരു ഭാഗത്തുണ്ട്. മറ്റൊരു വശത്ത് മഹാമാരിയെത്തുടര്‍ന്ന് അടച്ചുപൂട്ടിയ ചെറുകിട ഇടത്തരം സംരംഭകരുടെ പ്രശ്‌നങ്ങളും അതിലൂടെ തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണത്തിലുണ്ടായ ഭീമമായ വര്‍ദ്ധനവും മൂലം ഉളവാകുന്ന വെല്ലുവിളികളെ തള്ളിക്കളയാനുമാവില്ല. ഈ സാഹചര്യത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മയെ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്തു കൊണ്ട് ഭാരതത്തിലെ സമ്പൂര്‍ണ്ണകുടുംബങ്ങളേയും ദാരിദ്ര്യത്തിന്റെ പിടിയില്‍ നിന്ന്
മോചിപ്പിക്കുകയും അതിലൂടെ ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അതുല്യമായ ഉന്നതിയിലേക്ക് ഉയര്‍ത്തി ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാക്കിമാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ദേശീയതലത്തില്‍ 12 സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ വിവിധ ദേശീയ സംഘടനകളുടേയും, ബഹുജനങ്ങളുടേയും പങ്കാളിത്തത്തോടെ നടത്തുന്ന ഒരു പ്രചരണ-കര്‍മ്മ പരിപാടിയാണ് സ്വാവലംബീ ഭാരത് അഭിയാന്‍.

വികേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥാസങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തിലെ ഓരോ ജില്ലയും തനത് ആവശ്യങ്ങളും സാധ്യതകളും സ്വയം വിലയിരുത്തി സുസ്ഥിരമായ വികസനപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനുള്ള ശ്രമമാണ് ഈ പ്രചരണ-കര്‍മ്മ പരിപാടിയുടെ മുഖ്യ ലക്ഷ്യം. ഇതിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ സാമ്പത്തിക-വ്യാവസായിക-കാര്‍ഷിക-തൊഴില്‍ മേഖലകളില്‍ പഠനങ്ങള്‍ നടത്തുകയും ജില്ലയിലെ സാധ്യതകള്‍ക്കനുസരിച്ചുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടതുമുണ്ട്. ഇതിനായി വിവിധ മേഖലകളിലെ സംരംഭകരെ തയ്യാറാക്കുകയും, അവര്‍ക്കാവശ്യമായ പ്രോത്സാഹനവും സഹായങ്ങളും നല്‍കി അവരെ വിജയിപ്പിച്ച് തൊഴിലില്ലായ്മ പരിഹരിച്ച് തൃശ്ശൂരിനെ ഒരു സ്വാശ്രയ ജില്ലയാക്കിമാറ്റുകയും വേണം. ഇത് കുറച്ച് സമയമെടുത്ത് ചെയ്യേണ്ട ഒരു നീണ്ട പരിശ്രമമാണ്. ഈ വലിയ ശ്രമത്തിന്റെ തുടക്കം എന്ന നിലയ്ക്ക് തൃശ്ശൂര്‍ ജില്ലയില്‍ ഈ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നവര്‍ക്കായി ഒരു ഏകദിന പഠനശില്പശാല നടത്തുന്നു. 2022 ജൂലായ് 11ന് തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 വരെ തൃശ്ശൂര്‍ പാറമേക്കാവ് പുഷ്പാഞ്ജലി ഹാളിലാണ് ശില്പശാല. ഈ വര്‍ഷത്തെ ഉദ്യമീ ദേശീയപുരസ്‌കാരം പ്രധാനമന്ത്രിയില്‍ നിന്ന് എറ്റുവാങ്ങിയ ശ്രീ എം.എം. ജയകുമാര്‍ (മാനേജിംഗ് ഡയറക്ടര്‍, സൗപര്‍ണ്ണിക തെര്‍മ്മിസ്റ്റേഴ്‌സ് ആന്റ് ഹൈബ്രിഡ്‌സ്, കോലഴി) ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ഇരിഞ്ഞാലക്കുട വജ്ര റബ്ബര്‍ പ്രൊഡക്ട്‌സ് ഡയറക്ടര്‍ ശ്രീ ജ്യോതീന്ദ്രനാഥ് അദ്ധ്യക്ഷനാകും. ജില്ലാവ്യവസായ കേന്ദ്രം, ചെറുകിട ഇടത്തരം സംരംഭ മന്ത്രാലയം (MSME) ദേശവല്‍കൃത ബാങ്കുകള്‍, തുടങ്ങി വിവിധമേഖലകളിലെ വിദഗ്ധര്‍ ശില്‍പശാലയില്‍ ക്ലാസുകള്‍ നയിക്കും. കൂടാതെ തിരഞ്ഞെടുത്ത വിജയികളായ സംരംഭകരെ ചടങ്ങില്‍ ആദരിക്കും. രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ വിഭാഗ് സംഘചാലക് മാനനീയ ശ്രീ.കെ. എസ് പ്ദമനാഭന്‍, സഹപ്രാന്തകാര്യവാഹക് മാനനീയ ശ്രീ പ്രസാദ്ബാബു എന്നിവര്‍ ശില്പശാലയില്‍ പങ്കെടുത്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്നതായിരിക്കും.

ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് https://forms.gle/no3WAYy5Nc1P6kAQA

പ്രവേശന ഫീസ് 100 രൂപ

ബന്ധപ്പെടേണ്ട നമ്പർ : 9947725322, 8848868044

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →