ലണ്ടന്‍: ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരങ്ങളിലൊരാളായ സാനിയ മിര്‍സ വിമ്പിള്‍ഡണിനോട് വിട പറഞ്ഞു. കരിയറിലെ അവസാന വിമ്പിള്‍ഡണ്‍ കളിക്കാനിറങ്ങിയ സാനിയ മിക്‌സഡ് ഡബിള്‍സ് സെമി ഫൈനലില്‍ തോറ്റു.സാനിയ ക്രൊയേഷ്യയുടെ മേറ്റ് പാവിച് സഖ്യം സെമിയില്‍ ബ്രിട്ടന്റെ നീല്‍ സ്‌കുപ്‌സ്‌കി യു.എസിന്റെ ഡിസൈറേ ക്രോസിക് സഖ്യത്തോട് തോറ്റു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സാനിയ-പാവിച് സഖ്യം തോറ്റത്. സ്‌കോര്‍: 6-4, 5-7, 4-6. ഒന്നാം സെറ്റ് നേടിയ സാനിയ സഖ്യം തുടര്‍ന്നുള്ള രണ്ട് സെറ്റുകളും കൈവിടുകയായിരുന്നു.
തോല്‍വിക്ക് പിന്നാലെ 20 വര്‍ഷം ടെന്നീസ് കളിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും വിമ്പിള്‍ഡണ്‍ കോര്‍ട്ടിനോട് വിടപറയുന്നതില്‍ ദുഃഖമുണ്ടെന്നും സാനിയ സാമൂഹിമാധ്യമങ്ങളില്‍ കുറിച്ചു. 35 വയസുകാരിയായ സാനിയ ഈ സീസണോടെ വിരമിക്കുകയാണ്.വനിതാ ഡബിള്‍സില്‍ ലോക ഒന്നാം നമ്പറായിരുന്ന സാനിയ ആറ് ഗ്രാന്‍സ്ലാമുകള്‍ സ്വന്തമാക്കി. അതില്‍ മൂന്നെണ്ണം മിക്സഡ് ഡബിള്‍സിലാണ്. മിക്സഡ് ഡബിള്‍സില്‍ കരിയര്‍ സ്ലാം സ്വന്തമാക്കാനുള്ള ശ്രമത്തിലുമായിരുന്നു. 2009 ലെ ഓസ്ട്രേലിയന്‍ ഓപ്പണിലും 2012 ലെ ഫ്രഞ്ച് ഓപ്പണിലും മഹേഷ് ഭൂപതിക്കൊപ്പവും 2014 ലെ യു.എസ്. ഓപ്പണില്‍ ബ്രസീലിന്റെ ബ്രൂണോ സോറസിനൊപ്പം യു.എസ്. ഓപ്പണും നേടാന്‍ സാനിയയ്ക്കായി. 2015 ല്‍ സ്വിറ്റ്സര്‍ലന്‍ഡ് താരം മാര്‍ട്ടിന ഹിങ്കിസിനൊപ്പം വിമ്പിള്‍ഡണ്‍ വനിതാ ഡബിള്‍സ് കിരീടം നേടാനും സാനിയയ്ക്കായി.ഇത്തവണ വനിതാ ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലുമാണ് സാനിയ മത്സരിച്ചത്. വനിതാ ഡബിള്‍സിന്റെ ഒന്നാം റൗണ്ടില്‍ തന്നെ തോറ്റു പുറത്തായി. സാനിയ -മാറിച് സഖ്യം ഒന്നാം സെറ്റ് അനായാസം നേടി. രണ്ടാം സെറ്റ് 4-2 നു മുന്നിട്ടുനിന്ന ശേഷം തുടര്‍ന്നുള്ള അഞ്ചു ഗെയിമുകള്‍ കൈവിട്ടതു തിരിച്ചടിയായി. നിര്‍ണായകമായ മൂന്നാം സെറ്റില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാനുമായില്ല. വിമ്പിള്‍ഡണ്‍ മിക്സഡ് ഡബിള്‍സില്‍ സാനിയയുടെ ഏറ്റവും മികച്ച പ്രകടനവും ഇതാണ്. 2011, 2013, 2015 സീസണുകളിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിച്ചതാണ് അതുവരെയുള്ള ഏറ്റവും മികച്ച പ്രകടനമായിരുന്നത്.

