മന്ത്രി രാജി വച്ചു. കലിപ്പ് തീർന്നു. പ്രതിപക്ഷത്തിന് സമാധാനമായി. എന്നാൽ സംഭവം ഉയർത്തിവിട്ട ചോദ്യങ്ങൾ ബാക്കിയാണ്. ഭരണഘടനയെ തൊട്ട് സത്യം ചെയ്ത് പദവി കരസ്ഥമാക്കുകയും അതിന്റെ സൗകര്യങ്ങളും ശമ്പളവും കൈപ്പറ്റി വാണുകൊണ്ടിരിക്കെ ഒരു മന്ത്രിക്ക് പെട്ടെന്ന് ഉണ്ടായ വെളിപാടുകളാണ് വിവാദമായിരിക്കുന്നത്. ‘ഉണ്ടിരുന്ന അച്ചിക്ക് പെട്ടെന്നൊരു ഉള്‍മദം തോന്നി’ എന്നു പറഞ്ഞതുപോലെയായിരുന്നു കാര്യങ്ങള്‍.
‘ഭരണഘടനയില്‍ അപ്പിടി കുന്തവും കൊടചക്രവുമാണ്. ജനങ്ങളെ ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ വേണ്ട കാര്യങ്ങളാണ് എഴുതിവച്ചിരിക്കുന്നത്. ചൂഷണത്തെ ഏറ്റവും കൂടുതല്‍ അംഗീകരിച്ച ഭരണഘടനയാണ്’- ഇങ്ങനെ പോയി മദങ്ങള്‍.
അന്യസംസ്ഥാന തൊഴിലാളി വർഗ സർവാധിപത്യമേ സ്വാഗതം!
തൊഴിലാളി വര്‍ഗ്ഗത്തിന് പ്രത്യേക പദവി നല്‍കി കുടിയിരുത്താത്തതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യം ബൂര്‍ഷ്വാസി മുതല്‍ പെട്ടിക്കടക്കാരന്‍ വരെയുള്ള മറ്റ് സര്‍വ്വ വര്‍ഗ്ഗങ്ങളുടേയും മേല്‍ നടപ്പാക്കുന്ന കാലം സ്വപ്നം കാണുന്നയാളായിരുന്നു മന്ത്രി.
അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലം കേരളമാണ്. അവിടെ തൊഴിലാളികള്‍ മിക്കവരും അന്യസംസ്ഥാനക്കാരായതിനാല്‍ മാത്രമാണ് മേല്‍പ്പടി സര്‍വാധിപത്യം നടപ്പാക്കാതിരുന്നത്. അവരൊക്കെ ദീപാവലിക്ക് നാട്ടില്‍ പോകുന്ന തക്കത്തിന് നടപ്പാക്കിയേക്കാനും ഇടയുണ്ട്!
വാക്ക് പിഴയ്ക്കുക, ഉളുക്കുക, കോച്ചുക തുടങ്ങിയ പ്രശ്‌നങ്ങള്‍ പ്രസംഗത്തിനിടെ ഉണ്ടാകാറുള്ള സാധാരണ രോഗങ്ങളാണ്. ഒന്നുളുക്കി, പിന്നെ കുറെ നാളുകള്‍ക്ക് ശേഷമാണ് വീണ്ടും ഉളുക്കാറ്. ഇത് ആ കൂട്ടത്തിലല്ല. കുറെ നേരത്തോളം ഉളുക്കി കൊണ്ടിരിക്കുകയായിരുന്നു. അതായത് മന്ത്രി സീരിയസായിട്ട് പറഞ്ഞതു തന്നെയാണ്.
ഇഞ്ചപോലെ ചതയ്ക്കപ്പെട്ട ഒരാൾ മുഖ്യമന്ത്രി കസേരയിൽ. എന്നിട്ടും!
സീരിയസായിട്ട് തന്നെ അതിനെ കാണണം. മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട കമ്മ്യൂണിസ്റ്റ് ഭരണം തകര്‍ന്നപ്പോള്‍ റഷ്യയിലെ ജനാധിപത്യവാദികള്‍ ആദരവോടെയും അസൂയയോടെയും ആണ് ഇന്ത്യയുടെ രാഷ്ട്ര വ്യവസ്ഥയേയും ഭരണഘടനയേയും വിലയിരുത്തിയത്. തിന്നാന്‍ വേണ്ടത്ര ഇല്ലാത്ത കാലത്തും, അനുഭവിക്കാന്‍ സ്വാതന്ത്ര്യവും ആസ്വദിക്കാന്‍ മനുഷ്യാന്തസ്സും വേണ്ടത്ര ഉണ്ടായിരുന്നു ഇന്ത്യയില്‍. ജനകോടികളുടെ ജീവിതത്തിന് ഒഴുകാന്‍ ഇരുകരകള്‍ നല്‍കിയ ഭരണഘടനയാണത്. അതിലെ ഓരോ വാക്കും രാഷ്ട്രീയ മൂല്യങ്ങളുടെ പവിഴങ്ങളാണ്. എടുത്തുമാറ്റാന്‍ പറ്റിയ വാക്കുകള്‍ അതിലില്ലെന്ന് കാലം തെളിയിച്ചതാണ്. ഏതാനും വാക്കുകള്‍ ഇന്ദിരാഗാന്ധി എടുത്തുമാറ്റിയപ്പോള്‍ ഇന്ത്യയിലാകെ എന്തു നടന്നു എന്ന് അടിയന്തിരാവസ്ഥയില്‍ കണ്ടതാണ്.
നിയമനിര്‍മ്മാണ സഭയില്‍ അംഗമായിരുന്നിട്ടുപോലും അടിയന്തിരാവസ്ഥയില്‍ ലോക്കപ്പില്‍ ഇഞ്ച ചതയ്ക്കുന്ന പോലെ ചതയ്ക്കപ്പെട്ട ഒരാള്‍ മുഖ്യമന്ത്രിയായിരിക്കുന്ന മന്ത്രിസഭയിലെ അംഗമാണ് ഭരണഘടനയില്‍ കുന്തവും കോപ്പും കൊടച്ചക്രവും തിരഞ്ഞത്! പാര്‍ട്ടി പരിപാടിയുടെ മഹത്വത്തോടുള്ള പ്രതിബദ്ധതയാകാം ഭരണഘടനയെ ആക്ഷേപിക്കാന്‍ പ്രേരിപ്പിച്ചത്. പാര്‍ട്ടി പരിപാടി ആ പാര്‍ട്ടിയുടെ തിരിച്ചറിവും സ്വപ്നവും ലക്ഷ്യവും മാത്രമാണ്. ഭരണഘടനയാകട്ടെ 130 കോടി ജനങ്ങളുടെ ജീവിതത്തെ സംരക്ഷിക്കുന്ന സത്യവും. മുക്കാല്‍ നൂറ്റാണ്ടിലേറെയായി രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റേയും വ്യക്തി അവകാശങ്ങളുടേയും ആകാശവും ഭൂമിയും നല്‍കിയ രാഷ്ട്രീയ യാഥാര്‍ഥ്യമാണ്.
കറുത്ത ചായം മുക്കി വരയ്ക്കുന്നതെന്തിന് ?
സ്വപ്നം കാണാനുള്ള കഴിവാണ് രാഷ്ട്രീയ സങ്കല്പങ്ങളുടേയും പാര്‍ട്ടികളുടേയും ജനനത്തിനു പിന്നില്‍. ‘സ്വപ്നങ്ങള്‍ നമ്മെ കൈപിടിച്ച് എങ്ങോ നടത്തുന്നു’ എന്നാണ് കവി പറഞ്ഞത്. എങ്ങോ അല്ല. ഭാവിയിലേക്ക് ആണ് നടത്തേണ്ടത്. ഭാവി സ്വര്‍ഗമാണെന്ന് അര്‍ത്ഥമില്ല. നരകവാതിലില്‍ അവസാനിച്ച രാഷ്ട്രീയ സ്വപ്നങ്ങളും ധാരാളമാണ്.
പക്ഷേ, ഇന്ത്യന്‍ ഭരണഘടന സ്വപ്ന മനോഹരമായ യാഥാര്‍ത്ഥ്യം തന്നെയാണ്. ഏറെ സ്വപ്നങ്ങള്‍ ഇനിയും തുന്നിച്ചേര്‍ക്കാനിടമുള്ള ‘ചിത്രപട കഞ്ചുക’ത്തോട് ഉപമിക്കാം. അതു തുന്നി ചേര്‍ത്താല്‍ പോരെ? അതിനുള്ള നിറക്കൂട്ടും കിനാവിന്റെ തൂവലും ഉണ്ടെങ്കില്‍ മാത്രം! കറുത്ത ചായം മുക്കി ഉള്ള മനോഹര ചിത്രത്തില്‍ വരയ്ക്കാതിരിക്കാന്‍ കോമണ്‍ സെന്‍സോ സാമാന്യ മര്യാദയോ മാത്രം സ്വന്തമായുണ്ടായാല്‍ മതി! മന്ത്രിക്ക് അതില്ലാതെ പോയി.
അങ്ങേർക്ക് മാത്രമല്ല. മറ്റു പലര്‍ക്കും അതില്ല. പ്രത്യേകിച്ച് ജനപ്രതിനിധികള്‍ക്ക്. ഇന്ത്യയിലാകെ 4121 നിയമസഭാംഗങ്ങളും 543 ലോകസഭാംഗങ്ങളും ആണ് തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ചു കൊല്ലത്തെ ഉന്മാദമെന്നല്ലാതെ ഭരണഘടനാപരമായ ഒരു ദൗത്യം, സമൂഹം ചുമതലപ്പെടുത്തിയ പ്രകാരം നിര്‍വഹിക്കുന്നു എന്ന വിചാരത്തില്‍ നിയമസഭയിലും ലോക്‌സഭയിലും പോയിവരുന്ന എത്രപേരുണ്ട്? അത്തരം എത്ര പേരെ തിരഞ്ഞെടുക്കാനായിട്ടുണ്ട്? എന്തിന് ഭരണഘടന വായിച്ചു നോക്കിയിട്ടുള്ള എത്രപേരുണ്ട് ഈ കൂട്ടത്തില്‍? ഭരണഘടനയെപ്പറ്റി ഒരു കേട്ടെഴുത്തിട്ടാല്‍ പത്തില്‍ മൂന്ന് മാര്‍ക്ക് കിട്ടുന്ന എത്ര മുഖ്യമന്ത്രിമാരുണ്ടാവും ഇന്ത്യയില്‍? ഇതുവരെ അത്തരം എത്ര മുഖ്യമന്ത്രിമാരുണ്ടായിരുന്നിട്ടുണ്ട് ഇന്ത്യയില്‍? കേരളത്തില്‍?
ഭരണഘടനയുടെ അടിസ്ഥാനത്തില്‍, മാറുന്ന ലോകത്തിനും കാലത്തിനുമനുസരിച്ച് നിയമങ്ങള്‍ നിര്‍മ്മിച്ചും നിലവില്‍ കൊള്ളാതായവ റദ്ദു ചെയ്തും ജനജീവിതത്തെ സുസ്ഥിരമായ സംതൃപ്തിയുടേതാക്കേണ്ട ജോലിയാണ് നിയമനിര്‍മ്മാതാക്കളായ എം.പി., എം.എല്‍.എമാരുടേത്. ഭരണഘടന കയ്യിലെടുത്തിട്ടില്ലാത്തവര്‍ പോലും അത്തരം സഭകളില്‍ ഉണ്ട്! അതൊക്കെ വായിച്ചു നോക്കേണ്ട ഗതികേടില്ലാത്ത സ്വയംഭൂവായ നേതാക്കളും ഭരണാധികാരികളും ഉണ്ട്!! തെരുവില്‍ തല്ലിയും കേസില്‍ പെട്ടും കിട്ടുന്ന കുപ്രസിദ്ധി പോലും പ്രചരിപ്പിച്ച് സുപ്രസിദ്ധിയാക്കി മാറ്റുന്ന ചാണക്യ തന്ത്രങ്ങള്‍ രംഗം കയ്യടക്കുമ്പോള്‍ ഭരണഘടനയും ജനാധിപത്യവും വെന്റിലേറ്ററില്‍ ഊര്‍ദ്ധ്വന്‍ വലിക്കുകയാണ്.
അഞ്ചാണ്ടു കൂടുമ്പോള്‍ ആളെ തല്ലിക്കൂട്ടി ഉള്ളതും ഇല്ലാത്തതും പ്രചരിപ്പിച്ച് ജനപ്രതിനിധികളാകുന്നവര്‍ അവനവന്റെ ദാഹങ്ങളോട് മാത്രം പ്രതിബദ്ധതയുള്ളവരാണ്. ജനപ്രതിനിധികള്‍ക്ക് അധികാരവും കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള പണവും നല്‍കുന്നത് ജനങ്ങളാണ്. അവർ രാജ്യത്തിന്റെ ഉടയവരായ പൗരന്മാരാണ്. കാട്ടിലെ കുരങ്ങനില്‍ നിന്ന് രാഷ്ട്രത്തിന്റെ ഉടമയായ പൗരനിലേക്ക് ഒരുപാട് ദൂരമുണ്ട്. ആ പൗരന്റെ പ്രതിനിധിയും മൊച്ച കുരങ്ങും തമ്മിൽ അതിലുമേറെ ദൂരം തീര്‍ച്ചയായും വേണം!
ലേഖകൻ സമദർശിയുടെ ചീഫ് എഡിറ്ററാണ്. ഫോൺ: 8281058888
അറിയിപ്പ്
കേരളത്തിലെ സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ബഫർസോൺ പ്രഖ്യാപിച്ചാൽ അവിടെ താമസിക്കുന്നവരുടെ ജീവിക്കാനുള്ള അവകാശം തടസപ്പെടുമെന്ന് കാണിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, പ്രസിഡണ്ട്, പ്രധാനമന്ത്രി, കേന്ദ്ര വനംമന്ത്രി, കേരള ഗവർണർ, മുഖ്യമന്ത്രി, വനംമന്ത്രി എന്നിവർക്ക് നൽകാനായി കേരളത്തിൽ ഓൺലൈനായി ഒപ്പുശേഖരണം നടക്കുന്നുണ്ട്. പൊതുതാത്പര്യം മുൻനിർത്തിയുള്ള ഈ പരിപാടിയിൽ പങ്കെടുക്കുകയും സുഹൃത്തുക്കൾക്ക് പങ്കിട്ടും പ്രചരിപ്പിച്ചും സഹകരിക്കുക. താഴെയുള്ള ലിങ്ക് ഷെയർ ചെയ്തുവേണം അങ്ങനെ ചെയ്യാൻ. സ്വന്തം അഭിപ്രായവും അഭ്യർഥനയും എഴുതിയോ വീഡിയോ രൂപത്തിലോ പ്രചരിപ്പിക്കാം. ലിങ്ക് ഓപ്പൺ ചെയ്ത് വിവരങ്ങൾ നൽകി ക്ലിക്ക് ചെയ്താൽ ഒപ്പുശേഖരണത്തിൽ പങ്കെടുക്കാനാകും.