ക്രിസ്റ്റിയാനോ പരിശീലന ക്യാമ്പിലില്ല

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രീ സീസണ്‍ പരിശീലനത്തിന് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്ല. കുടുംബപരമായ ചില പ്രശ്നങ്ങള്‍ കാരണമാണു താരം പരിശീലനത്തിന് എത്താത്തതെന്നു യുണൈറ്റഡ് അധികൃതര്‍ വ്യക്തമാക്കി.

37 വയസുകാരനായ ക്രിസ്റ്റിയാനോ ക്ലബ്് വിടാന്‍ ആലോചിക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കു ബലമേകി. കരിയറിന്റെ അവസാന ഘട്ടത്തില്‍ നില്‍ക്കുന്ന താരം ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ന്നും കളിക്കണമെന്ന മോഹത്തിലാണ്. യുണൈറ്റഡിന് സീസണിലെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാനായില്ല. 2003 മുതല്‍ തുടര്‍ച്ചയായി 19 സീസണുകളില്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച താരമാണു ക്രിസ്റ്റിയാനോ. 183 കളികളില്‍ നിന്നായി 140 ഗോളുകളും 42 അസിസ്റ്റുകളും കുറിക്കാന്‍ അദ്ദേഹത്തിനായി. പുതിയ കോച്ച് എറിക് ടെന്‍ ഹാഗ് എത്തിയെങ്കിലും ക്രിസ്റ്റിയാനോ തുടരാന്‍ താല്‍പര്യപ്പെടുന്നില്ല. അഞ്ചുവട്ടം ലോക ഫുട്ബോളറായ അദ്ദേഹത്തിന് യുണൈറ്റഡില്‍ ഒരു വര്‍ഷം കൂടി കരാറുണ്ട്.എ.എസ്. റോമ, ചെല്‍സി, ബയേണ്‍ തുടങ്ങിയ ക്ല്ബുകള്‍ സമീപിച്ചതായി ക്രിസ്റ്റിയാനോയുടെ ഏജന്റ് യോര്‍ഗെ മെന്‍ഡസ് ആവര്‍ത്തിച്ചു. ലീഗ് സീസണിനു മുന്നോടിയായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ പര്യടനം നടത്താനിരിക്കുകയാണ്. ഇറ്റാലിയന്‍ ക്ലബ് യുവന്റസില്‍നിന്നു കഴിഞ്ഞ ഓഗസ്റ്റിലാണു യുണൈറ്റഡ് സൂപ്പര്‍ താരത്തെ തിരിച്ചെത്തിച്ചത്. സീസണില്‍ ആകെ 24 ഗോളുകളടിക്കാന്‍ അദ്ദേഹത്തിനായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →