ന്യൂഡല്‍ഹി: സ്പീക്കര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ വിശ്വാസ വോട്ടെടുപ്പിലും കരുത്തു തെളിയിച്ച് മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍. ഇനി അന്തിമ വിധി സുപ്രീംകോടതിയുടേത്. ഈ മാസം 11 നാണ് ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, ജെ.കെ. മഹേശ്വരി എന്നിവരുടെ ബെഞ്ച് മഹാരാഷ്ട്രയിലെ തര്‍ക്കം പരിഗണിക്കുക.ജൂലൈ 4 ന് വിശ്വാസവോട്ടില്‍ ശിവസേനയിലെ ഷിന്‍ഡെ വിഭാഗവും ബി.ജെ.പിയും ചേര്‍ന്ന് രൂപീകരിച്ച സര്‍ക്കാരിന് അനുകൂലമായി 164 സാമാജികരും എതിര്‍ത്ത് 99 പേരും വോട്ട് ചെയ്തു. ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തെ രണ്ട് എം.എല്‍.എമാര്‍കൂടി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്ത് ഷിന്‍ഡെ ക്യാമ്പിലെത്തി. അടുത്തിടെ ഒരു ശിവസേന എം.എല്‍.എ. മരിച്ചതിനാല്‍ നിയമസഭയുടെ നിലവിലെ അംഗബലം 287 ആണ്. അതിനാല്‍ വിശ്വാസ വോട്ടെടുപ്പ് ജയിക്കാന്‍ വേണ്ടിയിരുന്നത് 144 വോട്ടാണ്.
ജൂലൈ 4 ന് നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പിലും ശിവസേനയിലെ ഇരുപക്ഷവും എം.എല്‍.എമാര്‍ക്ക് പ്രത്യേകം വിപ്പ് നല്‍കിയിരുന്നു. ഉദ്ധവ് താക്കറെ വിഭാഗത്തിനുവേണ്ടി അജയ് ചൗധരിയാണു വിപ്പ് നല്‍കിയത്. ഷിന്‍ഡെ വിഭാഗത്തിനുവേണ്ടി ചീഫ് വിപ്പ് ഭരത് ഗോഗവാലെയും വിപ്പ് നല്‍കി. ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളിന്റെ പിന്തുണ ഉദ്ധവ് വിഭാഗത്തിനായിരുന്നു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ നര്‍വേക്കര്‍ ഷിന്‍ഡെ വിഭാഗത്തിന് അനുകൂലമായി തീരുമാനമെടുത്തതോടെയാണു ഉദ്ധവ് പക്ഷം സുപ്രീംകോടതിയിലേക്കു നീങ്ങിയത്. ശിവസേന നിയമസഭാ കക്ഷി നേതൃസ്ഥാനത്തുനിന്നു അജയ് ചൗധരിയെ സ്പീക്കര്‍ നീക്കി. ശിവസേനയുടെ ചീഫ് സ്ഥാനത്തുനിന്നു സുനില്‍ പ്രഭുവിനെയും അദ്ദേഹം പുറത്താക്കി. ഈ തീരുമാനങ്ങളും സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണ്.
ശിവസേനാ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് ഉദ്ധവ് താക്കറെ തുടരുന്നതിനാല്‍ പാര്‍ട്ടിയുടെ വിപ്പിനെ മാറ്റാന്‍ സ്പീക്കര്‍ക്ക് അധികാരമില്ലെന്നു കാട്ടിയാണു ഉദ്ധവ് ക്യാമ്പ് സുപ്രീംകോടതിയിലെത്തിയത്. മറ്റു കേസുകള്‍ക്കൊപ്പം പുതിയ പരാതിയും ഈ മാസം 11 നു സുപ്രീംകോടതി പരിഗണിക്കും. ഷിന്‍ഡെ പക്ഷ എം.എല്‍.എമാര്‍ക്കു ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍ നല്‍കിയ നോട്ടീസും കോടതിയുടെ പരിഗണയ്ക്കെത്തും. കോടതിവിധിക്ക് വിധേയമായിട്ടാകും എം.എല്‍.എമാരുടെ അയോഗ്യത സംബന്ധിച്ച തീരുമാനമെന്നു നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.വിശ്വാസവോട്ടിനുശേഷം ഒപ്പം നിന്നവരും തന്നില്‍ വിശ്വാസമര്‍പ്പിച്ചവരുമായ എല്ലാ എം.എല്‍.എമാര്‍ക്കും നന്ദിപറഞ്ഞ മുഖ്യമ്രന്തി ഏക്നാഥ് ഷിന്‍ഡെ, മഹാരാഷ്ട്രയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ മൂല്യവര്‍ധിതനികുതി (വാറ്റ്) കുറയ്ക്കുമെന്ന പ്രഖ്യാപനവും നടത്തി. കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഷിന്‍ഡെയ്ക്കു പൂര്‍ണപിന്തുണ നല്‍കുമെന്നു ബി.ജെ.പി. നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു

