കട്ടപ്പന :കുട്ടികളെ വട്ടം കറക്കുന്ന ഗണിത സമസ്യകളെ രസകരമായ അനുഭവമാക്കി മാറ്റാൻ സ്കൂളിൽ ‘ഗണിത ലാബ് ഒരുക്കി മുരിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കന്ഡറി സ്കൂളിലെ പ്രൈമറി വിഭാഗം അദ്ധ്യാപിക ലിൻസി ജോർജ് .കുട്ടികൾക്കും അധ്യാപകർക്കും കണക്കിനെ കൂട്ടുകാരെ പോലെ സ്നേഹിക്കാനുള്ള വിഭവങ്ങളുമായി ആരംഭിക്കുന്ന ഗണിത ലാബിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ ആശ ആന്റണി നിർവഹിക്കും.
കുട്ടികൾക്കായ് ഗണിത പസിലുകൾ, പാറ്റേണുകൾ, പ്രൊജക്ടുകൾ എന്നിവയ്ക്ക് പുറമെ പാഠപുസ്തകത്തിനകത്തെ എല്ലാ പ്രവർത്തനങ്ങളും ആസ്വാദ്യകരവും ലളിതവുമാക്കിത്തീർക്കുന്ന വിധമാണ് ലാബ് സജീകരിച്ചിരി ക്കുന്നത് . സംഖ്യാബോധം ഉറപ്പിക്കാനുള്ള മുത്തുകളും ഗോലികൾ, ,കളി ഉപകരണങ്ങൾ, സ്ഥാനവില ഉറപ്പിക്കാനുള്ള അരവിന്ദ് ഗുപ്ത കാർഡ്, ഏണിയും പാമ്പ് കളി, ചതുഷ്ക്രിയകട്ടകൾ, ലുഡോ ബോർഡുകൾ,സംഖ്യാ പമ്പരം, പന്തേറു കളിക്കുള്ള ഉപകരണങ്ങൾ, കളിനോട്ടുകൾ, ഡോമിനോസ് തുടങ്ങി ഗണിതത്തെ അനുഭവിച്ചറിയാനുള്ള
നൂറുകണക്കിന് ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുളളത്.
സ്കൂളിലെ ഡ്രോയിങ് അദ്ധ്യാപകനായ ബിജു കുമാറിന്റെ സഹായത്തോടെയാണ് ലിൻസി ടീച്ചർ ലാബ് തയാറാക്കിയിട്ടുള്ളത് . ഗണിതം ശാസ്ങ്ങളുടെ ശാസ്ത്രമാണെന്നും ഗണിത പഠനത്തിലൂടെ ജീവിതം തന്നെ ലക്ഷ്യബോധമുള്ളതാകുമെന്നും ,ഈ അധ്യയനവർഷം സ്കൂളിലെ പ്രൈമറി വിദ്യാർത്ഥികൾക്കെല്ലാം ഗണിതപഠനം രസകരവും മധുരതരവുമാകുമെന്നും ലിൻസി ടീച്ചർ പറഞ്ഞു .
ഉദ്ഘാടന സമ്മേളനത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം ജലജ വിനോദ് ,സ്ക്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഓമന പി എസ് , പി .റ്റി .എ പ്രസിഡന്റ് വി ആർ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും

