കോഴിക്കോടിനൊപ്പം തിരുവനന്തപുരം കോർപ്പറേഷനിലും കെട്ടിട നമ്പർ തട്ടിപ്പ്

തിരുവനന്തപുരം: തലസ്ഥാനത്തും കെട്ടിട നമ്പർ ക്രമക്കേട്. കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് തിരുവനന്തപുരത്തും ക്രമക്കേട് കണ്ടെത്തിയത്. കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് താത്കാലിക ജീവനക്കാരെ നീക്കി. സംഭവത്തിൽ മേയറുടെ പരാതിയിൽ സൈബ‍ർ പൊലീസ് കേസെടുത്തു.

തിരുവനന്തപുരം മരപ്പാലം ടികെഡി റോഡിൽ അജയഘോഷാണ് രണ്ട് വാണിജ്യ കെട്ടിടങ്ങൾ അനധികൃതമായി കെട്ടിട നമ്പർ തരപ്പെടുത്തിയത്. സഞ്ചയ സോഫ്റ്റ്‍വെയറിൽ ഉദ്യോഗസ്ഥരുടെ യൂസർ നെയ്മും പാസ്‍വേ‍ഡും കൈക്കലാക്കിയാണ് രണ്ട് താത്കാലിക ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ ക്രമക്കേട് നടത്തിയത്. രാവിലെ 8.26നും 8.31നും ഇടയിലാണ് മൂന്ന് ഉദ്യോഗസ്ഥരുടേയും ലോഗിനിൽ കയറി ഇരുവരും കെട്ടിട നമ്പർ അനുവദിച്ചത്. ഈ 2022 ജനുവരി 28-നാണ് കെട്ടിട നമ്പർ പാസായത്. നഗരസഭയിൽ നിന്ന് വിരമിച്ചതോ സ്ഥലം മാറിപ്പോയതോ ആയ 38 ഉദ്യോഗസ്ഥരുടെ ലോഗിൻ പ്രവർത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് റദ്ദാക്കി. ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഉദ്യോഗസ്ഥന്മാരെ നിരീക്ഷിക്കാൻ നഗരസഭ ഓർഡർ നൽകി.

കോഴിക്കോട് കോർപ്പറേഷനിൽ വൻ തട്ടിപ്പാണ് നടന്നത്. നാല് ലക്ഷം രൂപ കൈക്കൂലിവാങ്ങി ഇടനിലക്കാർ വഴിയാണ് കെട്ടിട നമ്പർ തരപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. സെക്രട്ടറിയുടെ പാസ് വേർഡ് ചോർത്തിയാണ് പൊളിക്കാൻ നിർദ്ദേശിച്ച കെട്ടിടങ്ങൾക്ക് ഉദ്യോഗസ്ഥർ നമ്പർ നൽകിയത്. സംഭവത്തിൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. കോർപറേഷൻ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വ്യാജ രേഖ നിർമ്മാണം, ഐ ടി വകുപ്പുകൾ എന്നിവ ചേർത്താണ് കേസെടുത്തിരിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →