ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ക്കുമേല്‍ കര്‍ശനനിയന്ത്രണം ആവശ്യമാണെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിലെ മാധ്യമവിചാരണ നിയമവാഴ്ചയ്ക്കു ഗുണകരമല്ലെന്നും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജെ.ബി. പര്‍ദിവാല. നിയമം, തെളിവ്, കോടതി നടപടികള്‍ ഇവയെക്കുറിച്ചൊന്നും അറിയാത്ത അര്‍ധസത്യങ്ങളും പാതിവെന്ത വിവരങ്ങളും മാത്രം കൈവശമുള്ളവരാണ് സോഷ്യല്‍ മീഡിയ ഭരിക്കുന്നതെന്നും ജസ്റ്റിസ് പര്‍ദിവാല പറഞ്ഞു.വിചാരണ നടത്തേണ്ടത് കോടതികളാണ്. ഡിജിറ്റല്‍ മീഡിയയുടെ വിചാരണ ജുഡീഷ്യറിയിലുള്ള അനാവശ്യ ഇടപെടലാണ്. കോടതികള്‍ എപ്പോഴും വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള വിയോജിപ്പുകളെയും ക്രിയാത്മക വിമര്‍ശനങ്ങളെയും അംഗീകരിക്കും. എന്നാല്‍, ജഡ്ജിമാര്‍ക്കെതിരേയുള്ള വ്യക്തിപരമായ ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ല. കോടതി വിധികള്‍ക്കെതിരേയുള്ള ക്രിയാത്മക വിമര്‍ശനങ്ങളല്ല, ജഡ്ജിമാര്‍ക്കെതിരായ അഭിപ്രായപ്രകടനങ്ങളാണ് സോഷ്യല്‍ മീഡിയിയല്‍ നിറയുന്നത്. വിചാരണ തീരും മുമ്പ് ആരാണ് കുറ്റവാളിയെന്നും നിരപരാധിയെന്നും ഡിജിറ്റല്‍ മീഡിയ വഴി ധാരണ പരത്തുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയ്ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി നിയമനിര്‍മാണം നടത്തുന്നത് പാര്‍ലമെന്റ് പരിഗണിക്കണം. – ജസ്റ്റിസ് പര്‍ദിവാല പറഞ്ഞു.
മാധ്യമവിചാരണ നിയമവാഴ്ചയ്ക്ക് ഗുണകരമല്ലെന്ന് സുപ്രീം കോടതി
