പ്രതിപക്ഷം ചെയ്യുന്നതുകൊണ്ട് എന്തു ഗുണമുണ്ടാകും.
യു.ഡി.എഫിന്റെ കേരള എം.പിമാര്‍ ഒന്നാകെ കേന്ദ്ര വനം മന്ത്രിയെ കണ്ട് നിവേദനം നല്‍കിയിട്ടുണ്ട്. ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കണമെന്നാണ് ആവശ്യം. ഇതിന്റെ ഫലപ്രാപ്തി എന്ത് എന്നാണ് പരിശോധിക്കേണ്ടത്. കേരളത്തില്‍ പ്രശ്‌നമുണ്ടെന്ന് മനസ്സിലാകും മന്ത്രിക്ക്. മന്ത്രി ആവശ്യം ഏറ്റെടുത്ത് കേരളത്തില്‍ ബഫര്‍സോണ്‍ വേണ്ട എന്ന് ഉത്തരവിട്ടു എന്നും കരുതുക. ആ ഉത്തരവിന്റെ ഗതി എന്താവും? അതു ഉടനെ തന്നെ സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയില്‍ വരും. വിധിക്കും നിയമത്തിനും വിരുദ്ധമായതിനാല്‍ ഉത്തരവ് ഉടനെ തന്നെ റദ്ദു ചെയ്യപ്പെടും. ഇതറിയാന്‍ കോമണ്‍സെന്‍സ് മാത്രം മതി. അപ്പോള്‍ പിന്നെ മന്ത്രിയെ സന്ദര്‍ശിച്ചതുകൊണ്ട് എന്തുകാര്യം? ഒന്നുമില്ല. ചെയ്തു എന്നു വരുത്തുക മാത്രം. റിസള്‍ട്ട് ഉണ്ടാവില്ല എന്നറിഞ്ഞിട്ടും ചെയ്യുന്ന ഈ ചെയ്ത്തുകളാണ് ഏറ്റവും വലിയ ഫലിതങ്ങള്‍.
സര്‍ക്കാരിനും പ്രതിപക്ഷത്തിനും റോളില്ലാത്ത കാര്യം ബി.ജെ.പി സാധിക്കുമോ?
ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ബഫര്‍സോണ്‍ പാടില്ലെന്ന് പ്രമേയം പാസാക്കിയിട്ടുണ്ട്. ഇടുക്കിയില്‍ നിന്നുള്ള ശ്രീനഗരി രാജനാണ് പത്തനംതിട്ടയില്‍ നടന്ന കമ്മിറ്റിയില്‍ ആ പ്രമേയം അവതരിപ്പിച്ചത്. അത് കേന്ദ്രസര്‍ക്കാരിന് നല്‍കും. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചാലും ബഫര്‍സോണ്‍ ഇല്ലാതാകുമോ?
എങ്ങനെ ഇല്ലാതാകും? രാജ്യത്ത് നിലവിലുള്ള വനം വന്യജീവി നിയമം നടപ്പാക്കുന്നതിനാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. വിധി നടപ്പാക്കേണ്ടത് സര്‍ക്കാരാണ്. ആ സര്‍ക്കാരിനെങ്ങനെ വിധിക്കെതിരെ തീരുമാനിക്കാനാവും? തീരുമാനിച്ചാല്‍ തന്നെ ആ തീരുമാനവും റദ്ദാകും. അത്ര തന്നെ! പ്രമേയം ഒരാഗ്രഹമോ അഭിപ്രായപ്രകടനമോ മാത്രമാണെന്ന് സാരം.
ഈ കേസിന്റെ പരിധി എന്നത് വനം-വന്യജീവി നിയമങ്ങളും അതുമായി ബന്ധപ്പെട്ട ഇതുവരെയുള്ള കോടതിവിധികളുമാണ്. അതിന്റെ വൃത്തത്തിനുള്ളില്‍ നിന്ന് ഏത് ഭേദഗതി അവതരിപ്പിച്ചാലും അത് അനുവദിക്കില്ല. അവതരിപ്പിക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആയാലും പ്രതിപക്ഷം ആയാലും പാര്‍ട്ടികളായാലും വ്യക്തികളായാലും സ്ഥിതി ഒന്നു തന്നെ. കാരണം ശക്തമായ നിയമങ്ങള്‍ ഒരു വശത്ത്. അതുപയോഗപ്പെടുത്തുവാന്‍ ലക്ഷ്യമിട്ട് നില്‍ക്കുന്നവര്‍ ഒപ്പം. എതിര്‍പക്ഷത്ത് ചൂണ്ടിക്കാട്ടുന്നത് ഖനനക്കാരെയും മൃഗവേട്ടക്കാരെയും ഒക്കെയാണ്. കര്‍ഷകരും കച്ചവടക്കാരും തൊഴിലെടുക്കുന്നവരുമായ വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ ആ കൂട്ടത്തിലാണ് പരിഗണിക്കുന്നത്. മറ്റൊരു വിധത്തില്‍ പരിഗണിക്കാന്‍ നിയമവുമില്ല.
ഇവിടെയാണ് നിയമനിര്‍മ്മാണത്തിന്റെയോ നിയമഭേദഗതിയുടെയോ ആവശ്യം. വനം-വന്യജീവി നിയമത്തിന് വെളിയില്‍ ഈ ജീവിത പ്രശ്‌നം അവതരിപ്പിക്കപ്പെടണം. ഈ അടിയന്തിര ജോലി നിറവേറ്റുവാന്‍ ചുമതലപ്പെട്ടവര്‍ ഭരണ-പ്രതിപക്ഷങ്ങളാണ്. അവര്‍ തമ്മിലടിച്ച് മത്സരിച്ച് രസിക്കുകയാണ്.