കറാച്ചി: പ്രവാചകനിന്ദ ആരോപിച്ച് പാക്കിസ്ഥാനിൽ സാംസങ്ങിനു നേരെ പ്രതിഷേധം ഉയർന്നു. 1/07/22 വെള്ളിയാഴ്ച പാക്കിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. ഒരു മാളിൽ സ്ഥാപിച്ചിരിക്കുന്ന വൈഫൈ ഉപകരണങ്ങളിൽ പ്രവാചകൻ മുഹമ്മദ് നബിക്കുo, അനുയായികൾക്കും എതിരെയുള്ള പ്രസ്താവന കേൾപ്പിച്ചെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധക്കാർ സാംസങ് പരസ്യ ബോർഡുകൾ നശിപ്പിക്കുകയും, തീയിടുകയും ചെയ്തു.
പ്രതിഷേധത്തെ തുടർന്ന് കറാച്ചി പോലീസ് വൈഫൈ ഉപകരണങ്ങൾ ഓഫ് ചെയ്യുകയും, മൊബൈൽ ഫോൺ കമ്പനിയിലെ 20 ലധികം ജീവനക്കാരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തതായി പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മതനിന്ദാപരമായ കമന്റ് പ്ലേ ചെയ്ത ഉപകരണവും പോലീസ് പിടിച്ചെടുത്തു. പ്രതിഷേധത്തെ തുടർന്ന് സാംസങ് പാക്കിസ്ഥാൻ പ്രസ്താവന ഇറക്കി. മതപരമായ പ്രാധാന്യമുള്ള എല്ലാ കാര്യങ്ങളിലും വസ്തുനിഷ്ഠത പുലർത്താൻ ശ്രമിച്ചെന്ന് സാംസങ്ങ് ഇലക്ട്രോണിക്സ് പ്രസ്താവനയിൽ പറഞ്ഞു. എല്ലാ മത വികാരങ്ങളെയും, വിശ്വാസങ്ങളെയും കമ്പനിക്ക് അങ്ങേയറ്റം ബഹുമാനം ഉണ്ടെന്നും ഇസ്ലാം മതത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു എന്നും വിഷയത്തിൽ ആഭ്യന്തര അന്വേഷണം നടക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.

