പാലക്കാട്: അട്ടപ്പാടി നരസിമുക്കിൽ യുവാവിനെ അടിച്ച് കൊലപ്പെടുത്തി. കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. അഷറഫ്, സുനിൽ എന്നിവരാണ് അറസ്റ്റിലായത്. 2022 ജൂലൈ 1ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (22) ആണ് മർദ്ദനമേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനായകൻ ഗുരുതര പരുക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വിപിൻ പ്രസാദ് (സുരേഷ് ബാബു), ചെർപ്പുളശ്ശേരി സ്വദേശി നാഫി (24) എന്ന ഹസ്സൻ, മാരി (23) എന്ന കാളി മുത്തു, രാജീവ് ഭൂതിവഴി (22) എന്ന രംഗനാഥൻ എന്നിവരെ നേരത്തെ അഗളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയാണ് തർക്കമുണ്ടായതെന്ന് അഗളി പൊലീസ് പറഞ്ഞു.
തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കണ്ണൂരിൽ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ചു നൽകാമെന്ന് പറഞ്ഞ് നന്ദകിഷോറും കൂട്ടുകാരൻ വിനായകനും പ്രതികളിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ നിശ്ചിത സമയം കഴിഞ്ഞും തോക്ക് എത്തിച്ച് കൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോൾ അതും നൽകിയില്ല. ഇതാണ് തർക്കത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. മർദനമേറ്റ വിനായകൻ കണ്ണൂർ സ്വദേശിയാണ്. ഇയാളുടെ ശരീരം മുഴുവൻ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.